ടി. വേണുഗോപാലന്‍ അന്തരിച്ചു

Friday 3 August 2012 10:54 pm IST

കോഴിക്കോട്‌: പ്രമുഖ മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായിരുന്ന ടി. വേണുഗോപാലന്‍(82) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലിന്‌ മാത്തോട്ടത്തെ വസതിയായ രാജീവത്തിലായിരുന്നു അന്ത്യം. വീട്ടില്‍ പൊതുദര്‍ശനത്തിന്‌ വെച്ച മൃതദേഹത്തില്‍ സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കോഴിക്കോട്‌ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്‌, തൃശൂര്‍ കേരളവര്‍മ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന്‌ 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം 1988 വരെ പത്രപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ തുടര്‍ന്നു. സംസ്ഥാനത്ത്‌ രാഷ്ട്രീയ-സാംസ്ക്കാരിക-മാധ്യമ മേഖലകളില്‍ നിസ്തുല സേവനം നടത്താന്‍ ടി. വേണുഗോപാലന്‌ കഴിഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്ക്കാരം ലഭിച്ച വേണുഗോപാലന്‌ സാഹിത്യഅക്കാദമി അവാര്‍ഡ്‌, എം.വി. പെയിലി അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.
കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും തൊഴിലിന്റെ ഉയര്‍ച്ചയ്ക്ക്‌ വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു വേണുഗോപാലന്‍. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെയാണ്‌ മാധ്യമപ്രവര്‍ത്തകരുടെ പരീശിലനത്തിനായി ന്യൂസ്‌ ക്രാഫ്റ്റ്‌ എന്നൊരു പ്രസ്ഥാനത്തിന്‌ രൂപം നല്‍കിയത്‌. പത്രമേഖലയിലുളളവര്‍ക്ക്‌ പരിശീലനം നല്‍കുന്നതിന്‌ വേണ്ടി തുടങ്ങിയ ഈ പ്രസ്ഥാനം വലിയ സംഭാവനകളാണ്‌ പില്‍ക്കാലത്ത്‌ മാധ്യമമേഖലയ്ക്ക്‌ നല്‍കിയത്‌. കേരള പ്രസ്‌ അക്കാദമി എന്ന സംരംഭത്തിന്‌ തുടക്കം കുറിച്ചതിന്‌ പിന്നില്‍ വേണുഗോപാലനായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയെക്കുറിച്ച്‌ രാജ്യദ്രോഹിയായ രാജ്യസ്നേഹിയെന്ന പുസ്തകമെഴുതിയ അദ്ദേഹം തോമസ്‌ ജേക്കബുമായി ചേര്‍ന്ന്‌ നാട്ടുവിശേഷമെന്ന പുസ്തകവും എഴുതി. ഇതിന്‌ പുറമേ പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം എന്ന പുസ്തകവും അദ്ദേഹം മലയാളികള്‍ക്കായി സംഭാവന നല്‍കി.
ഭാര്യ: പത്മിനി(റിട്ട. അദ്ധ്യാപിക ശ്രീരാമകൃഷ്ണമിഷന്‍ സ്കൂള്‍, മീഞ്ചന്ത). മക്കള്‍: രാജന്‍(ഷിപ്പിംഗ്‌ കമ്പനി, ഗുജറാത്ത്‌), രജനി. മരുമക്കള്‍: ഗീത, മോഹന്‍കുമാര്‍ ( ബാങ്ക്‌ ഓഫ്‌ ബറോഡ, ഹൈദരാബാദ്‌).
ടി. വേണുഗോപാലന്റെ നിര്യാണത്തില്‍ മന്ത്രി കെ.സി. ജോസഫ്‌ അനുശോചിച്ചു. പത്രപ്രവര്‍ത്തനരംഗത്തും മാധ്യമ ഗവേഷണ-പരിശീലന രംഗങ്ങളില്‍ കാതലായ സംഭാവന നല്‍കിയ അദ്ദേഹം വികസനോന്മുഖ പത്രപ്രവര്‍ത്തനത്തെ പരിപോഷിപ്പിക്കുന്നതിന്‌ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ട്‌. മാധ്യമ ഭാഷ, മാധ്യമ ശൈലി, പത്രരൂപകല്‍പന എന്നിവക്ക്‌ അദ്ദേഹം നല്‍കിയ സംഭാവന എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ.സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ എം. സുധീന്ദ്രകുമാര്‍, സെക്രട്ടറി സി. വിനോദ്‌ ചന്ദ്രന്‍ എന്നിവര്‍ അനുശോചിച്ചു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.