പോള നിറഞ്ഞു; ജലഗതാഗതം മുടങ്ങി

Saturday 29 July 2017 7:08 pm IST

കുട്ടനാട്: പൊതു ജലാശയങ്ങളില്‍ പോള നിറഞ്ഞതു ജലഗതാഗതത്തിനു തടസ്സമാകുന്നു. പുഞ്ചക്കൃഷിക്കായി തയാറെടുക്കുന്ന പാടശേഖരങ്ങളില്‍ നിന്നുള്ള പോളകള്‍ ജലാശയത്തിലേക്കു തള്ളിവിടുന്നതാണ് പ്രതിസന്ധിക്കു കാരണം. ജലാശയങ്ങളില്‍ ചിതറിക്കിടക്കുന്ന പോള കാറ്റടിക്കുമ്പോള്‍ വശങ്ങളിലേക്ക് അടിഞ്ഞുകൂടുന്നത് കടത്തുവള്ളങ്ങളുടെ യാത്ര ദുരിതത്തിലാക്കുന്നു. പോള ഒഴിവാക്കി വള്ളം കരയിലടിപ്പിക്കാന്‍ നിലവിലുള്ള കടവില്‍ നിന്നും വളരെ ദൂരെ മാറ്റി അടുപ്പിക്കേണ്ട അവസ്ഥയാണുള്ളത്. പോളമൂലം രാത്രികാലങ്ങളില്‍ കടത്തുവള്ളത്തിലുള്ള യാത്ര അസാധ്യമാക്കിയിരിക്കുകയാണ്. കടത്തുവള്ളത്തെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യേണ്ട കാവാലം, കൈനകരി, പുളിങ്കുന്ന്, മങ്കൊമ്പ്, ചതുര്‍ഥ്യാകരി, ചേന്നംകരി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പോളകാരണം യഥാസമയത്തു ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുവാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടച്ചതോടെ നീരൊഴുക്കു നിലച്ചതിനാല്‍ പോള ഒഴുകിമാറാതെ കിടക്കുകയാണ്. പോള ജലാശയങ്ങളെ കീഴടക്കിയതോടെ നീട്ടുവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും വലയിടാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.