തിരുവാഭരണ കവര്‍ച്ച ക്ഷേത്രജീവനക്കാരെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധം ശക്തം

Saturday 29 July 2017 7:11 pm IST

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയ ബോര്‍ഡ് ഉത്തരവ് വിവാദത്തില്‍. പ്രതികളെ രാഷ്ട്രീയപാര്‍ട്ടികള്‍ സംരക്ഷിക്കുകയാണെന്ന് കര്‍മ്മ സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അസി. കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അടക്കം അഞ്ചുപേര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ കൂടിയ ബോര്‍ഡുയോഗം യാതൊരു തീരുമാനവുമെടുക്കാതെ പിരിയുകയായിരുന്നു. കൂടാതെ അസി. കമ്മീഷണര്‍ക്ക് ഡെപ്യൂട്ടി കമ്മീഷണറായും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് അസി. കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് അനുകൂല ദേവസ്വം സംഘടനയുടെ പ്രവര്‍ത്തകനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ സംരക്ഷിച്ചത് രാഷ്ട്രീയ നേതൃത്വമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ താമസിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചെന്നിത്തലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ദേവസ്വം ബോര്‍ഡില്‍ സ്വാധീനം ചെലുത്തി ഇദ്ദേഹത്തെ സംരക്ഷിച്ചത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആരോപണ വിധേയരായ മറ്റു ജീവനക്കാര്‍ ഇടതു യൂണിയനില്‍പ്പെട്ടവരായതിനാല്‍ ഇവരെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുകയാണന്നും ആരോപണം ഉണ്ട്. ചെയ്ത കുറ്റത്തിനു ശിക്ഷ നല്‍കുന്നതിനു പകരം പാരിതോഷികം നല്‍കി ഉദ്യോഗക്കയറ്റം നല്‍കുകയായിരുന്നു ബോര്‍ഡെന്ന് കര്‍മ്മസമിതി ആരോപിച്ചു. 12 ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും ഇവര്‍ക്കെതിരെ ബോര്‍ഡ് നടപടി എടുത്തില്ല. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ക്ഷേത്രത്തില്‍ ശയന പ്രദക്ഷിണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലത്തിന്റെ എംഎല്‍എകൂടിയായ മന്ത്രി ജി. സുധാകരനും ഇതിനെതിരെ പ്രതികരിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.