തിരുട്ട് ഗ്രാമത്തിലെ മോഷ്ടാക്കള്‍ പിടിയില്‍

Saturday 29 July 2017 9:26 pm IST

ചാലക്കുടി: തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ വനിത മോഷ്ടാക്കള്‍ ചാലക്കുടി പോലീസിന്റെ പിടിയില്‍. തിരുനെല്‍വേലി പനവടലി ഛത്രത്തില്‍ മര്‍ക്കലക്കുളം ഓടക്കിണര്‍ സ്വദേശി തങ്കമുത്തു ഭാര്യ സേവാനന്ത(39), സേവാനന്തയുടെ അമ്മ(55), വെളിയപ്പന്‍ ഭാര്യ ശുഭലക്ഷ്മി(30) എന്നിവരെയാണ് എസ്.ഐ ജയേഷ് ബാലനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിറോഡിലെ ഒരു വീട്ടില്‍ നിന്ന് അന്‍പതിനായിരം രൂപയും, പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. തമിഴ് നാട്ടില്‍ നിന്നെത്തി ആലുവയിലും കോഴിക്കോട് മാങ്കാവിലും തമ്പടിക്കുന്ന സംഘം ബസില്‍ കയറി ഏതെങ്കിലും ടൗണില്‍ ഇറങ്ങി ഇടവഴികളിലൂടെ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തി എത്രയും വേഗം അവിടെ നിന്ന് ടാക്‌സിയിലോ, ഓട്ടോറിക്ഷിയിലോ കയറി രക്ഷപ്പെടുകയാണ് പതിവ്. മോഷണത്തിനിടയില്‍ വീട്ടുകാര്‍ എത്തിയാല്‍ പുറകിലെ വാതിലൂടെ രക്ഷപ്പെടും. പ്രായമായവര്‍ ഉള്ള വീടുകള്‍ കണ്ടെത്തി അവിടെ വന്ന് ഭക്ഷണവും, വസ്ത്രവും വാങ്ങി മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്. മോഷണ മുതല്‍ തമിഴ് നാടിലെത്തിച്ച് വില്‍പ്പന നടത്തുകയാണിവര്‍. ചാലക്കുടിയിലെ മോഷണത്തെ തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദിന്റെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു തമിഴ് വനിത സംഘം ഇവിടെ എത്തിയിരുന്നതായും അവര്‍ മോഷണത്തിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് എറണാക്കുളത്തേക്ക് പോയതായും വിവരം ലഭിച്ചിരുന്നു. 2016ല്‍ ഇരിഞ്ഞാലക്കുട കാട്ടൂരില്‍ നിന്ന് 52 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായ സേവനാന്ത. ശുഭലക്ഷ്മി രണ്ടാം പ്രതിയുമാണ്. അന്ന് ഇരിഞ്ഞാലക്കുട പോലീസ് തമിഴ് നാട്ടില്‍ നിന്നും ഇവരെ പിടികൂടിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങി തമിഴ് നാട്ടിലേക്ക് പോയ ഇവര്‍ വീണ്ടും കേരളത്തില്‍ എത്തിയതായി പോലീസീന് വിവിരം ലഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.