കൊച്ചി മെട്രോ; ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന അഭിപ്രായത്തോട് യോജിക്കുന്നു: ശ്രീധരന്‍

Saturday 29 July 2017 10:05 pm IST

കൊച്ചി: കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആരോപണങ്ങള്‍ അംഗീകരിക്കുന്നു. ആദ്യം മുതല്‍ക്കേ ഈ അഭിപ്രായമാണ് തനിക്കുള്ളത്. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് വഴി കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിക്കും. എന്നാല്‍ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും തനിക്ക് ഇതുവരെ ലഭിച്ചില്ല. സൗത്ത് മുതല്‍ പേട്ട വരെയുള്ള മെട്രോ ജോലികളിലും കെഎംആര്‍എലും ഡിഎംആര്‍സിയും ഒരുമിക്കും. ഇതിനുള്ള അനുബന്ധ കരാറുകളിലും തീരുമാനമായിട്ടുണ്ട്. രണ്ടാം ഘട്ട ജോലികള്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുവാന്‍ കെഎംആര്‍എല്‍ സജ്ജമാണ്. മെട്രോ അങ്കമാലിക്ക് നീട്ടുന്നതിനോട് വിയോജിപ്പില്ല. എന്നാല്‍ നെടുമ്പാശേരിയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതാവും ഉചിതം. നിലവില്‍ മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നതിനെ ന്യൂനതയായി കാണാനാകില്ല. മെട്രോ വികസിക്കുന്നതിന് അനുസരിച്ച് യാത്രക്കാര്‍ വര്‍ദ്ധിക്കുന്നതാണ് പതിവെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി. കേരള ഹിസ്റ്ററി അസോസിയേഷന്റെ സി.പി. മമ്മു എന്‍ഡോവ്‌മെന്റ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.