കൊച്ചി കാന്‍സര്‍ സെന്ററിന്റെ സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയില്‍.

Saturday 29 July 2017 10:07 pm IST

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്ററിന്റെ സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ വിവിധ ജില്ലകളില്‍ തുടങ്ങുന്നത് പരിഗണനയില്‍. ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുണ്ട്. ആദ്യത്തേത് കുട്ടനാട്ടിലായിരിക്കുമെന്നാണ് സൂചന. സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ വന്നാല്‍, അര്‍ബുദ പരിശോധനയും തുടര്‍ പരിശോധനയും ഈ കേന്ദ്രങ്ങളിലൂടെ നടത്താനാകും. കൂടാതെ, മാസത്തില്‍ രണ്ടോ മൂന്നോ തവണ കാന്‍സര്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തും. ദൂരെ സ്ഥലങ്ങളിലുള്ള അര്‍ബുദ രോഗികള്‍ക്ക് കാന്‍സര്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തേണ്ട സാഹചര്യം ഇതോടെ ഒഴിവാകും. നിലവില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന് (ആര്‍സിസി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാറ്റലൈറ്റ് കേന്ദ്രങ്ങളുണ്ട്. ആര്‍സിസിയുടെ കലൂരിലുള്ള കേന്ദ്രം, കൊച്ചി കാന്‍സര്‍ സെന്ററിന്റെ സാറ്റലൈറ്റ് കേന്ദ്രമാക്കാന്‍ നേരത്തെ ഒരു ശ്രമമുണ്ടായിരുന്നു. എന്നാല്‍, ആര്‍സിസിയുടെ സാറ്റലൈറ്റ് കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റി അവിടെ ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാന്‍ കൊച്ചി കോര്‍പറേഷന്‍ നീക്കം നടത്തി. എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നിര്‍ത്തിവെച്ചത്. കളമശ്ശേരിയാണ് കൊച്ചി കാന്‍സര്‍ സെന്ററിന്റെ ആസ്ഥാനം. അതുകൊണ്ടുതന്നെ നഗരത്തിലുള്ളവരുടെ അര്‍ബുദ പരിശോധനകള്‍ക്കായി സാറ്റലൈറ്റ് കേന്ദ്രം സ്ഥാപിക്കേണ്ടി വരും. കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ വരുന്നതോടെ കലൂരിലെ അര്‍ബുദ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനും സ്ഥലത്തിനുമായി അധികൃതര്‍ അവകാശവാദമുന്നയിച്ചേക്കും. കൊച്ചി കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി 350 കോടി രൂപയുടെ പദ്ധതി തയ്യാറായി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.