പനിബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു

Saturday 29 July 2017 10:13 pm IST

കോട്ടയം: ജില്ലയില്‍ ഈ വര്‍ഷം പനി ബാധിച്ചത് അര ലക്ഷം പേര്‍ക്ക്. ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെയുളള ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 48,658 പേര്‍ ഒ.പിയില്‍ ചികിത്സ തേടിയപ്പോള്‍ 2607 പേര്‍ ഐ.പിയിലും പ്രവേശിക്കപ്പെട്ടു. മുന്‍ വര്‍ഷങ്ങളെക്കാളും പനി ബാധിതരുടെ എണ്ണം കൂടിയെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. മറ്റ് സാംക്രമിക രോഗങ്ങളുടെ കാര്യത്തിലും ജില്ല പിന്നിലല്ല. ഡെങ്കിബാധിച്ചത് 211 പേര്‍ക്കാണെങ്കില്‍ എലിപ്പനി ആളുകള്‍ക്കും അതിസാരം 4889 പേര്‍ക്കും വന്നു. ഇത് കൂടാത ഹെപ്പറ്റൈറ്റീസ് എ 20 പേര്‍ക്ക് വന്നെങ്കില്‍ ഹെപ്പറ്റൈറ്റീസ് ബി 25 പേരിലും സ്ഥിരീകരിച്ചു. ഏറെ ആശങ്കപ്പെടുത്തുന്നത് മലമ്പനിയുടെ സാന്നിദ്ധ്യമാണ്. ഈ രോഗം ഇതുവരെ 11 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ വഴിയായിരിക്കാം ഈ രോഗം എത്തിയതെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെയും പരിസര ശുചിത്വത്തിന്റെ അഭാവം മൂലം അതിസാര ബാധിതരുടെ എണ്ണവും കൂടി. ഇതുവരെ 4889 പേര്‍ക്കാണ് അതിസാരം ബാധിച്ചത്. അതേ സമയം മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ പനി ബാധിതരുടെ എണ്ണം കുറഞ്ഞ് തുടങ്ങിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 563 പേര്‍ക്കാണ് വൈറല്‍പനി കാണപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഒരോ ദിവസവും 1500-ല്‍ കൂടുതലാളുകള്‍ക്ക് രോഗം പിടിപെട്ടിരുന്നു. ഡെങ്കിയുടെ നിരക്കിലും കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.അതേ സമയം ഡെങ്കിയ്ക്ക് കാരണമായ ടൈപ്പ് വണ്‍ വൈറസിന്റെ സാന്നിദ്ധ്യം ആശങ്കയുണ്ടാക്കുന്നതാണ്. അടുത്ത വര്‍ഷവും രോഗം വരാനുള്ള സാധ്യത ആരോഗ്യ വകുപ്പ് തള്ളിക്കളയുന്നില്ല. അതിനാല്‍ കൊതുക് നിര്‍മ്മാര്‍ജ്ജനത്തിലും പരിസര ശുചീകരണത്തിലും അങ്ങേയറ്റം ശ്രദ്ധവേണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.