തട്ടിപ്പ് പെരുകുമ്പോള്‍ അളവു നോക്കാനാളില്ല

Saturday 29 July 2017 10:24 pm IST

ഇടുക്കി: അളവ്, തൂക്കം എന്നിവയിലെ തട്ടിപ്പ് തടയാനുള്ള സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പില്‍ താലൂക്ക് തലത്തിലുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. വിവിധ ജില്ലകളില്‍ 27 ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവാണുണ്ടായിരുന്നത്. പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിയിലായതോടെ, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ഒമ്പതു പേരെ അടുത്തിടെ ഇന്‍സ്‌പെക്ടര്‍മാരായി താത്കാലികമായി നിയമിച്ചു. എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാനാണ് ഇത്തരത്തില്‍ നിയമനം നടത്തിയിരിക്കുന്നത്. എന്നിട്ടും 18 ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുണ്ട്. ഒഴിവ് പിഎസ്‌സിയില്‍ അറിയിച്ചിട്ട് നാളുകളായിട്ടും നിയമനം നടത്താത്തതാണ് പ്രശ്‌നമായിരിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ഉദ്യോഗസ്ഥര്‍ ഏറ്റവും കുറവ്. മഞ്ചേരി, പെരിന്തല്‍മണ്ണ, പൊന്നാനി, തിരൂര്‍ എന്നി പ്രദേശങ്ങളില്‍ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ല. പത്തനംതിട്ട ജില്ലയില്‍ റാന്നി ഓഫീസില്‍ ഇന്‍സ്‌പെക്ടറില്ല. ഇടുക്കിയില്‍ മൂന്നാര്‍, പീരുമേട് എന്നീവിടങ്ങളിലും ഇന്‍സ്‌പെക്ടര്‍മാരുടെ കസേര കാലി. തൃശൂരില്‍ ഇരിങ്ങാലക്കുടയില്‍ ഒരു ഒഴിവുണ്ട്. പാലക്കാട്ട് ആലത്തൂര്‍, മണ്ണാര്‍കാട് എന്നിവിടങ്ങളിലും കോഴിക്കോട്ട് കോഴിക്കോട് സര്‍ക്കിള്‍ നാല്, കൊയിലാണ്ടി എന്നിവിടങ്ങളിലുമാണ് ഉദ്യോഗസ്ഥരുടെ സേവനമില്ലാത്തത്. വയനാട്ടില്‍ ഫ്‌ളയിങ് സ്‌ക്വാഡ്, മാനന്തവാടി, കണ്ണൂരില്‍ കണ്ണൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ്, തളിപ്പറമ്പ് എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പ്രവര്‍ത്തനം താളം തെറ്റിയത്. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ഇന്‍സ്‌പെക്ടര്‍ വാഴുന്നില്ല. അടുത്ത മാസം ഇന്‍സ്‌പെക്ടര്‍മാര്‍ ത്രാസുകള്‍ പരിശോധിക്കാന്‍ പഞ്ചായത്ത് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലെത്തും. ഒരാഴ്ചയോളം ക്യാമ്പ് നടക്കും. ഈ അവസരത്തിലാണ് ഉദ്യോഗസ്ഥരുടെ അഭാവം വ്യാപാരികളെ ബാധിക്കാന്‍ തുടങ്ങുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന തലത്തില്‍ ലീഗല്‍ മെട്രോളജി റെയ്ഡ് നടത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥറുടെ കുറവ് മൂലം മിക്ക ജില്ലകളിലും സമ്പൂര്‍ണ്ണമായി പരിശോധന നടത്താന്‍ കഴിഞ്ഞില്ല. പിഎസ്‌സി ലിസ്റ്റ് വേഗത്തിലാക്കിയാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.