മയ്യഴിയുടെ കഥാകാരന് മുന്നില്‍ തുമ്പികളായി കുരുന്നുകള്‍

Saturday 29 July 2017 10:56 pm IST

കണ്ണൂര്‍: വെള്ളിയാങ്കല്ലിലെ തുമ്പികളെപ്പോലെ അവര്‍ മയ്യഴിയുടെ കഥാകാരന് ചുറ്റുംകൂടി. ഓട്ടോഗ്രാഫില്‍ കൈയൊപ്പ് ചാര്‍ത്താനും ഒപ്പംനിന്ന് ഫോട്ടോ എടുക്കാനും അവര്‍ തിടുക്കം കൂട്ടി. കൂട്ടംകൂടി നിന്ന് സെല്‍ഫിയെടുക്കാനുള്ള ബഹളമായിരുന്നു പിന്നെ. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം മുകുന്ദന്‍ പുതുതലമുറയിലെ പ്രതിഭകളുമായി നടത്തിയ സംവാദമായിരുന്നു വേദി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരിപാടി ഒരുക്കിയത്. വൈദ്യതി അന്യമായിരുന്ന ഒരു കാലത്ത് റേഷനായി കിട്ടിയിരുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ അമ്മയുടെ കണ്ണ് വെട്ടിച്ച് പുലരുവോളം പുസ്തകം വായിച്ച് ഉറങ്ങിപ്പോയിരുന്ന കുട്ടിയുടെ കഥ മയ്യഴിയുടെ കഥാകാരന്‍ ചെറുചിരിയോടെ വിവരിച്ചപ്പോള്‍ കേട്ടിരുന്ന കുട്ടികളുടെ കണ്ണുകളില്‍ വിടര്‍ന്നത് കൗതുകം. വായനപൂര്‍ത്തിയാക്കാതെ പുസ്തകം നെഞ്ചില്‍ വച്ച് ഉറങ്ങിയിരുന്ന ആ കാലത്താണ് കണ്ണ് കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും വായിക്കാനാകുമെന്ന് തനിക്ക് മനസിലായതെന്നും എന്നാല്‍ വേഗം വിളക്കണയ്ക്കുമെന്ന് പറഞ്ഞ് അത് ചെയ്യാതെ അമ്മയെ ഏറെക്കാലം പറ്റിച്ചതോര്‍ക്കുമ്പോള്‍ അല്‍പ്പം വിഷമം തോന്നാറുണ്ടെന്നുമുള്ള സ്വന്തം വായനാനുഭവങ്ങളാണ് കഥാകാരന്‍ കുട്ടികളുമായി പങ്കുവച്ചത്. മുഖ്യമന്ത്രിക്ക് കത്തെഴുതാം പരിപാടിയില്‍ മികച്ച കത്തെഴുതിയ വിദ്യാര്‍ത്ഥികളെയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും പങ്കെടുപ്പിച്ചാണ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. തന്റെ വായനയെ സമ്പന്നമാക്കിയ ബാല്യകാല വായനാനുഭവങ്ങളും പ്രകൃതിയെ സ്‌നേഹിക്കേണ്ടതിന്റെ ആവശ്യം ഓര്‍മിപ്പിക്കുന്ന യാത്രാനുഭവങ്ങളും അദ്ദേഹം സംവദിച്ചു. അസുഖബാധിതനായി ആശുപത്രിക്കിടക്കയിലേക്ക് പോകുന്നതിന് മുന്‍പ് സ്വന്തം കുഞ്ഞുങ്ങളെ പോലെ താന്‍ നട്ടുവളര്‍ത്തിയ ഓരോ വൃക്ഷങ്ങളെയും ആലിംഗനം ചെയ്ത് യാത്രയായ പോര്‍ച്ചുഗീസുകാരനായ ഒരു വൃദ്ധന്റെ കഥ പറഞ്ഞ് ഓരോ മനുഷ്യനും അയാളെ പോലെയാകുമ്പോള്‍ പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന മനോഭാവം സ്വാഭാവികമാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്പത്തിന് പുറകെ പായുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും നേടുന്നില്ലെന്നും സമ്പന്നരാഷ്ട്രമായിട്ടും ജിവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വിദേശരാജ്യങ്ങളിലെ ആളുകളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു. പൂര്‍വ്വികര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന ഓരോ നേട്ടവും. അത് എന്നും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും പ്രകൃതിയേക്കുറിച്ചും സമൂഹത്തെക്കുറിച്ചും ബോധ്യമുള്ള ഇന്നത്തെ കുട്ടികള്‍ അത് കാത്തുവയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും എം. മുകുന്ദന്‍ പറഞ്ഞു. സീരിയലുകള്‍ക്ക് അടിമപ്പെടാതെ കുട്ടികള്‍ വായിച്ച് തന്നെ വളരണമെന്നും അതിനുള്ള സാഹചര്യമൊരുക്കുന്നതിന് രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്നും നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച വിദ്യാര്‍ത്ഥികളേയും സാഹിത്യമത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണയുമായി കൂടെ നില്‍ക്കുന്ന രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. പിന്നെ കഥാകാരന്റെ കൂടെ സെല്‍ഫിയെടുക്കാനും കൂടെ നിന്ന് ഫോട്ടോ പകര്‍ത്താനും കയ്യൊപ്പ് വാങ്ങാനുമായി കുട്ടികളുടെ തിരക്ക്. ഓരോരുത്തര്‍ക്കും ഓട്ടോഗ്രാഫും കൂടെ ഫോട്ടോയും നല്‍കി കഥാകാരന്‍ മടങ്ങി. ഒപ്പം നാളത്തെ പൗരന്മാരായ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഗണന നല്‍കിയതിന്റെ അഭിമാനത്തോടെ വിദ്യാര്‍ത്ഥികളും. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് പ്രൈസും അനുമോദന പത്രവും പുസ്തകവുമാണ് സമ്മാനമായി നല്‍കിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് ജില്ലാതല വിജയികള്‍ക്കും ഉപജില്ലാതല വിജയികള്‍ക്കും പുസ്തകവും മുഖ്യമന്ത്രി ഒപ്പിട്ട ആശംസാപത്രവും നല്‍കി. വായനാ മല്‍സര വിജയികള്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. എഡിഎം ഇ മുഹമ്മദ് യൂസഫ്, ഡിഡിഇ എം.ബാബുരാജന്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ പി.വി.പുരുഷോത്തമന്‍, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസറും കഥാകൃത്തുമായ ടി.പി.വേണുഗോപാലന്‍, കാരയില്‍ സുകുമാരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ സ്വാഗതവും അസി. എഡിറ്റര്‍ സി.പി.അബ്ദുള്‍ കരീം നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.