ഇന്ന് ബിജെപി ഹര്‍ത്താല്‍

Sunday 30 July 2017 12:32 am IST

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെമ്പാടും തുടരുന്ന സിപിഎം കലാപത്തിന് ഇന്നലെയും ശമനമില്ല. നഗരത്തിലും പാറശ്ശാല, കോവളം തുടങ്ങിയ പ്രദേശങ്ങളിലും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചു. ചാല ഏരിയാ കമ്മിറ്റി ജനറല്‍ സെക്രട്ടറി നടരാജ് കണ്ണന്റെ തലയ്ക്ക് വെട്ടിയ സിപിഎമ്മുകാര്‍ അദ്ദേഹത്തിന്റെ തയ്യല്‍ക്കട തകര്‍ത്ത് 15,000 രൂപ കവര്‍ന്നു. ഗുരുതര പരിക്കേറ്റ കണ്ണന്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത് പേരടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച രാത്രി 10.30 ഓടെ ചാലയിലുളള നടരാജന്റെ തയ്യല്‍ക്കടയിലെത്തിയത്. നാലുപേര്‍ അതിക്രമിച്ച് കയറി നടരാജനെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് വടിവാളിന് വെട്ടി. തലയില്‍ വെട്ടേറ്റ നടരാജന്‍ കുതറി മാറി ഓടിയെങ്കിലും കൊല്ലുമെന്ന ഭീഷണി മുഴക്കി പിന്തുടര്‍ന്നു. നടരാജനെ കിട്ടാത്ത ദേഷ്യത്തില്‍ തിരികെ വന്ന് കട അടിച്ചുതകര്‍ത്തു. അക്രമം പോലീസ് ഒത്താശയോടെയായിരുന്നു. സംഭവം നടക്കുന്നതിന് അല്പം മുമ്പ് പോലീസ് വാഹനം കണ്ണന്റെ കടയ്ക്ക് മുന്നിലൂടെ കടന്നുപോയിരുന്നു. സിപിഎമ്മിന്റെ നെടുങ്കാട് കൗണ്‍സിലര്‍ പുഷ്പലതയുടെ മകന്‍ എസ്.പി. അമല്‍, ആട് സന്തോഷ്, നിഷാദ്, ഏര്യാകമ്മിറ്റിഅംഗം ഉണ്ണി, അനന്തു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്നലെ പാറശാല കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപി ചാരുവിളാകം വാര്‍ഡംഗം ശശികലയെ പഞ്ചായത്ത് ഓഫീസില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ കൊല്ലാന്‍ ശ്രമിച്ചു. പരിക്കേറ്റ വാര്‍ഡ് മെമ്പറെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ഗുണ്ട ശബരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രി കോവളം ജംഗ്ഷന് സമീപമുള്ള ബിജെപി വെങ്ങാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാണ പ്രതാപിന്റെ വീട് സിപിഎമ്മുകാര്‍ ആക്രമിച്ചു. മാരകായുധങ്ങളുമായി എത്തിയ സംഘം വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. വീടിന്റെ മുന്നിലിരുന്ന ഇരുചക്രവാഹനവും നശിപ്പിച്ചു. സിപിഎമ്മിന്റെ ജനപ്രതിനിധി കൂടിയായ വിപിന്റെ നേതൃത്വത്തിലെത്തിയ രാജേഷ്, കിരണ്‍ തുടങ്ങി എട്ടോളം പേരാണ് ആക്രമണം നടത്തിയത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.