റോഡ് തകര്‍ന്നത് മൂലം അടച്ചിട്ട മാക്കൂട്ടം ചുരം റോഡ് ഇന്നുമുതല്‍ ചെറുവാഹനങ്ങള്‍ക്ക് തുറന്നുകൊടുക്കും

Sunday 30 July 2017 6:30 pm IST

ഇരിട്ടി: കനത്ത മഴയില്‍ തകര്‍ന്ന തലശ്ശേരി-കുടക് റോഡ് ഇന്നുമുതല്‍ ചെറുവാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ജീപ്പ്, കാറ്, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഇതുവഴി യാത്രക്ക് അനുമതി നല്‍കുക. കരിങ്കല്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന റോഡില്‍ ടാറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ഉടനെതന്നെ പൂര്‍ത്തിയാക്കിയ ശേഷമാവും ബസ്സ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെ ഇതുവഴി കടത്തിവിടുക. കഴിഞ്ഞ 20 ന് പുലര്‍ച്ചെ ആറുമണിയോടെയാആയിരുന്നു കൂട്ടുപുഴ-മാക്കൂട്ടം-പെരുമ്പാടി ചുരം റോഡില്‍ പെരുമ്പാടി ചെക്ക് പോസ്റ്റിന് സമീപമുള്ള തടാകത്തിന്റെ അരികു ചേര്‍ന്ന റോഡ് മുപ്പതു മീറ്ററോളം ഒഴുകിപ്പോയത്. ബ്രഹ്മഗിരി മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രദേശത്തെ ഉള്‍വനങ്ങളിലുണ്ടായ മഴയിലും ഉരുള്‍പൊട്ടലിലും തടാകത്തില്‍ ക്രമാതീതമായി വെള്ളം കയറിയത് മൂലമുണ്ടായ മര്‍ദ്ദമാവാം റോഡ് തകരാനും ഒലിച്ചു പോവാനും ഇടയാക്കിയത് എന്നാണു കരുതുന്നത്. റോഡ് തകര്‍ന്നതുമൂലം കുടക് ഭരണകൂടം റോഡ് അടച്ചിട്ടു. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും കുടകുമായുള്ള ബന്ധം നിലച്ചു. ഇത് കേരളത്തിലേയും കുടകിലേയും ജനങ്ങളുടെ ഇടപെടലുകള്‍ക്കും സഞ്ചാരത്തിനും തടസ്സം സൃഷ്ടിച്ചത് മനസ്സിലാക്കിയ കുടക് ഭരണകൂടവും കര്‍ണ്ണാടക പൊതുമരാമത്തു വകുപ്പും ചേര്‍ന്നാണ് ഇപ്പോള്‍ റോഡിന്റെ പുനര്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിച്ചത്. 10 ദിവസത്തിനുള്ളില്‍ത്തന്നെ ബസ്സുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളെ ഇതുവഴി കടത്തിവിടാനാവുമെന്ന് കര്‍ണ്ണാടക പൊതുമരാമത്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.