സമര്‍പ്പണബുദ്ധിയോടെയുള്ള കര്‍മ്മം

Sunday 30 July 2017 7:40 pm IST

രാമായണമെന്ന ഇതിഹാസ കാവ്യത്തിലെ ഏറ്റവും പ്രധാന കഥാപാത്രം രാമന്‍തന്നെയാണെങ്കിലും ഒട്ടും അപ്രധാനമല്ലാത്ത കഥാപാത്രമാണ് ഹനുമാന്‍. രാമനോട് തുല്യത കല്‍പ്പിക്കുന്നത് സാഹസമാണെങ്കിലും ഹനുമാനെ നെഞ്ചിലേറ്റി ആരാധിക്കുന്ന ലക്ഷോപലക്ഷം ഭക്തര്‍ക്ക് ഹനുമാന്‍ രാമതുല്യനായ ദേവന്‍ തന്നെ. ഹനുമാന്‍ സ്വയം താന്‍ ശ്രീരാമദാസനാണെന്ന് തന്റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും തെളിയിക്കുമ്പോഴും ആഞ്ജനേയഭക്തര്‍ക്ക് ഹനുമാന്‍ ദേവതുല്യനാണ്.ഋഷ്യമൂകാചലത്തില്‍ വച്ച് രാമലക്ഷ്മണന്മാരെ ഹനുമാന്‍ ആദ്യമായി കണ്ടുമുട്ടുന്ന സന്ദര്‍ഭം വാല്മീകി രാമായണത്തില്‍ അതീവ സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു. സര്‍വാംഗ സുന്ദരന്മാരും ക്ഷാത്രവീര്യം തെളിയിക്കുന്നവരുമായ രാമലക്ഷ്മണന്മാരെ കാണുന്ന മാത്രയില്‍ ത്തന്നെ, ഹനുമാന് രാമനോടു തോന്നുന്ന വാചാമഗോചരമായ ഭക്ത്യാദരവുകളും, അതുപോലെതന്നെ ശ്രീരാമന് മുന്നില്‍ ബ്രാഹ്മണവടുവേഷത്തില്‍ പ്രത്യക്ഷനായ ഹനുമാന്റെ സമര്‍ത്ഥവും ഹൃദ്യവും ആനന്ദദായകവുമായ സംഭാഷണത്തില്‍ ഉളവായ മതിപ്പുമൊക്കെ വാല്മീകി സുന്ദരമായി വര്‍ണ്ണിച്ചിരിക്കുന്നു.ഹനുമാന് തന്റെ യഥാര്‍ത്ഥ യജമാനനെ കണ്ടെത്തിയ അനുഭവമാണുണ്ടായത്. പിന്നീടങ്ങോട്ടുള്ള ഹനുമാന്റെ ശ്രീരാമസേവ ഉത്തരോത്തരം വര്‍ദ്ധിച്ച് തന്റെ ജീവിതം തന്നെ രാമസമര്‍പ്പണമാക്കിത്തീര്‍ക്കുന്നതാണ്.സമാനതകളില്ലാത്ത ഒരു വൈഭവത്തിന്റെ  ഉടമയായി ഹനുമാനെ കാണേണ്ടിയിരിക്കുന്നു. ഒരു വാനരനായി ജനിച്ച് ശ്രീരാമഭക്തിയാല്‍- ശ്രീരാമസേവയാല്‍ മാത്രം ദേവപദവിയിലേക്കുയര്‍ന്ന് സര്‍വസമാരാധ്യനായിത്തീര്‍ന്ന വ്യക്തിത്വമാണ് ഹനുമാന്റേത്.ഹനുമാന്റെ അനുഗ്രഹം തേടുന്നവര്‍ പ്രാര്‍ത്ഥിക്കുന്നത് ബുദ്ധിക്കും ബലത്തിനും യശസ്സിനും ധൈര്യത്തിനും നിര്‍ഭയത്വത്തിനും അരോഗതയ്ക്കും അജാഡ്യതയ്ക്കും വാക്പടുത്വത്തിനും വേണ്ടിയാണ്. ഈ ഗുണവൈശിഷ്ട്യങ്ങളുടെയും കഴിവുകളുടെയും മൂര്‍ത്തീമദ്ഭാവമാണത്രേ ഹനുമാന്‍. ഹനുമാന്റെ രാമസേവാ കര്‍മ്മങ്ങള്‍ ഉജ്ജ്വലമായ ഒരു സന്ദേശം നമുക്ക് നല്‍കുന്നുണ്ട്. അത് സര്‍വ്വസമര്‍പ്പണ ബുദ്ധിയുടേതാണ്. നാം ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ സന്നദ്ധനാകുന്നു. ഭക്തി എന്നാല്‍ ഉല്‍കൃഷ്ട സ്‌നേഹം തന്നെ. ശ്രീരാമഭക്തിയില്‍ ചാലിച്ച കര്‍മ്മങ്ങളാണ് ഹനുമാന്റെ പരാക്രമ കര്‍മങ്ങളെല്ലാം. ജ്ഞാനത്തിന്റെയും ഭക്തിയുടെയും സമഞ്ജസമായ സമ്മേളനമാണ് നാം ഹനുമാനില്‍ കാണുന്നത്. നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് മികവും തികവുമുണ്ടാകണമെങ്കില്‍ ഈ 'സമ്മേളനം' ഒരു അവശ്യ ഘടകമായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ഈ 'സമ്മേളന' ജന്യമായ സമര്‍പ്പണബുദ്ധിയില്‍  തന്നില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ന്ന് തന്റെ സര്‍ഗ്ഗശേഷി പ്രകടമാകുന്നു. ദേഹബുദ്ധ്യാ താന്‍ ശ്രീരാമദാസനാണെന്നും ജീവബുദ്ധ്യാ ശ്രീരാമപരമാത്മാംശമാണെന്നും ആത്മബുദ്ധ്യാ ശ്രീരാമ പരമാത്മാവുതന്നെയാണെന്നുള്ള ഹനുമാന്റെ പ്രഖ്യാപനം മേല്‍ സൂചിപ്പിച്ച ജ്ഞാന ഭക്തി കര്‍മ്മങ്ങളുടെ സമഞ്ജസ സമ്മേളനമാണ് വെളിപ്പെടുത്തുന്നത്.

(അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.