എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് ഉപരിപഠനത്തിനും തൊഴിലിനും 'ഗേറ്റ്-2018'

Sunday 30 July 2017 9:35 pm IST

എന്‍ജിനീയറിംഗ്/ടെക്‌നോളജി/ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കും ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പോടെ ഉന്നതവിദ്യാഭ്യാസത്തിനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലിനും വഴിയൊരുക്കുന്ന അഭിരുചി പരീക്ഷയാണ് 'ഗേറ്റ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രാഡുവേറ്റ് ആപ്ടിട്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിംഗ്. 'ഗേറ്റ്-2018' ഫെബ്രുവരി 3, 4, 10, 11 തീയതികളില്‍ അന്തര്‍ദ്ദേശീയതലത്തില്‍ നടക്കും. ചില ശാസ്ത്രവിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബാച്ചിലേഴ്‌സ് ഡിഗ്രി അല്ലെങ്കില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ക്കും 'ഗേറ്റ്' അഭിമുഖീകരിക്കാവുന്നതാണ്. കംപ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റാണിത്. കേരളം ഉള്‍പ്പെടെ ഇന്ത്യക്കകത്തും വിദേശരാജ്യങ്ങൡലും ടെസ്റ്റ് സെന്ററുകളുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുവഹട്ടിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. വിദേശത്ത് എത്യോപ്യയില്‍ അഡീസ് അബാബ, ശ്രീലങ്കയില്‍ കൊളംബോ, ബംഗ്ലാദേശില്‍ ധാക്ക, യുഎഇയില്‍ ദുബായ്, നേപ്പാളില്‍ കാഠ്മണ്ഡു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുണ്ടാവുക. സ്വദേശികള്‍ക്കൊപ്പം വിദേശികള്‍ക്കും 'ഗേറ്റ്' തുറന്നുകൊടുത്തിട്ടുണ്ട്. നല്ല തയ്യാറെടുപ്പോടെ 'ഗേറ്റ്' നേരിടുന്നവര്‍ക്കാണ് മികച്ച സ്‌കോര്‍ കരസ്ഥമാക്കാനാവുക. സാമര്‍ത്ഥ്യത്തിന്റെ മാറ്റുരച്ച് 'ഗേറ്റി'ല്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കാന്‍ കഴിയുന്നവര്‍ക്ക് ഐഐടി, ഐഎസ്‌സി, എന്‍ഐടി തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനാവും. നിരവധി പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റിനായി 'ഗേറ്റ്' സ്‌കോര്‍ മാനദണ്ഡമാക്കാറുണ്ട്. 'ഗേറ്റ്' സ്‌കോറിന് മൂന്നുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.'ഗേറ്റ്-2018' അഭിമുഖീകരിക്കുന്നതിന് ഇനി പറയുന്ന ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്കാണ് അര്‍ഹത.

  • എന്‍ജിനീയറിംഗ്/ടെക്‌നോളജി ബിരുദം.
  • പഞ്ചവത്‌സര ആര്‍ക്കിടെക്ചര്‍ ബിരുദം.
  • നാലുവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) ബിരുദം
  • ശാസ്ത്രവിഷയം/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി.
  • എന്‍ജിനീയറിംഗ്/ടെക്‌നോളജിയില്‍ (ബിഎസ്‌സിക്കുശേഷം) നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ഡിഗ്രി).
  • എന്‍ജിനീയറിംഗ്/ടെക്‌നോളജിയില്‍ പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് ഡ്യുവല്‍ ഡിഗ്രി.
  • പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ് ഡിഗ്രി.
ബിഇ/ബിടെക്കിന് തത്തുല്യമായ യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും 'ഗേറ്റ്' പരീക്ഷയില്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. 'ഗേറ്റ്' ആപ്ലിക്കേഷന്‍ പോര്‍ട്ടല്‍ 2017 സെപ്റ്റംബര്‍ ഒന്നിന് തുറക്കും. ഒക്‌ടോബര്‍ 5 വരെ ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണം നടത്താവുന്നതാണ്. സമഗ്രവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷറും അപ്‌ഡേറ്റുകളും www.gate.iitg.ac.in- എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. അപേക്ഷാഫീസ് വനിതകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 750 രൂപ. മറ്റെല്ലാവര്‍ക്കും 1500 രൂപ. വിദേശത്ത് പരീക്ഷാകേന്ദ്രം തെരഞ്ഞെടുക്കുന്നവര്‍ക്ക് അപേക്ഷാഫീസ് വ്യത്യസ്തമാണ്. അഡീസ് അബാബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നിവ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ 50 യുഎസ് ഡോളറും ദുബായ്, സിങ്കപ്പൂര്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ 100 യുഎസ് ഡോളറും അപേക്ഷാഫീസായി നല്‍കണം. ഐഐടികളുടെയും ഐഐഎസ്‌സിയുടെയും ആഭിമുഖ്യത്തിലാണ് 'ഗേറ്റ്-2018' നടക്കുക. ഐഐടി-മദ്രാസ് (www.gate.iitm.ac.in), ബോംബെ (www.gate.iitb.ac.in), ദല്‍ഹി (www. gate.iitd.ac.in),കാണ്‍പൂര്‍ (www.gate.iitk.ac.in),ഖരഗ്പൂര്‍ (www.gate.iitkgp.ac.in),റൂര്‍ക്കി (www.iitr.ac.in/gate), ഐഐഎസ്‌സി ബംഗ്ലൂരു (www. gate.iisc.ac.in) എന്നീ വെബ്‌സൈറ്റുകളിലൂടെ 2017 സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 'ഗേറ്റ്-2018' നുള്ള പരീക്ഷാപേപ്പറും വിശദമായ സിലബസും www.gate.iitg.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓരോ പേപ്പറിന്റെയും സബ്ജക്ടില്‍ ക്ലിക്ക് ചെയ്താല്‍ വിശദമായ സിലബസ് ലഭിക്കും. ജനറല്‍ ആപ്ടിട്യൂഡ് പേപ്പര്‍ എല്ലാവര്‍ക്കും പൊതുവാണ്. വെര്‍ബല്‍ എബിലിറ്റി, ന്യൂമെറിക്കല്‍ എബിലിറ്റി എന്നിവയിലുള്ള പ്രാവീണ്യമാണ് ജനറല്‍ ആപ്ടിട്യൂഡ് പേപ്പറില്‍ പരിശോധിക്കപ്പെടുക. പരീക്ഷയുടെ മാതൃക മനസ്സിലാക്കി പ്രാക്ടീസ് ചെയ്യുന്നതിനായി 'മോക്ക് എക്‌സാം' സൗകര്യവും വെബ്‌സൈറ്റില്‍ ലഭ്യമാകും. ഒന്‍പത് ലക്ഷത്തോളം പേര്‍ 2017 ലെ ഗേറ്റില്‍ പങ്കെടുത്തിരുന്നു. മികച്ച സ്‌കോറിനായി കടുത്ത മത്‌സരമാവും 'ഗേറ്റ് 2018'ലും പരീക്ഷാര്‍ത്ഥികള്‍ നേരിടേണ്ടിവരിക. നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവര്‍ക്ക് മെച്ചപ്പെട്ട സ്‌കോര്‍ നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.