പഴകിയ ഭക്ഷണം വിളമ്പുന്ന പരിഷ്‌കൃത ഹോട്ടലുകള്‍

Sunday 30 July 2017 9:18 pm IST

ഇരിങ്ങാലക്കുട : ജനങ്ങളെ കബളിപ്പിച്ച് പഴകിയ ഭക്ഷണങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ വിലസുമ്പോള്‍ ആരോഗ്യവിഭാഗത്തിന് തികഞ്ഞ അവഗണന. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡില്‍ കുറച്ചു പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കുമെങ്കിലും ഹോട്ടലുകളുടെ പേര് പരസ്യപ്പെടുത്താതെ അവരെ രക്ഷപ്പെടുത്തുന്ന കാഴ്ചയാണ് ഇരിങ്ങാലക്കുട നഗരസഭാ ആരോഗ്യ വിഭാഗം നടത്തിവരുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളിലായി കേരളത്തില്‍ എവിടെയെങ്കിലും ഭക്ഷ്യവിഷബാധയോ മറ്റും നടക്കുമ്പോള്‍ പേരിന് ഹോട്ടലുകളില്‍ റെയ്‌ഡെന്ന പേരില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിക്കുകയാണ് പതിവ്. മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലുകളുടെ പേര് ചോദിക്കുമ്പോള്‍ പേര് പറയാന്‍ വിസമ്മതിക്കുകയാണ് ആരോഗ്യഅധികൃതര്‍. ഏതെല്ലാം ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും പഴകിയതും കേടുവന്നതുമായ ഭക്ഷണം ഉപപോക്താക്കള്‍ക്കു നല്‍കാന്‍ തയാറാക്കി വെച്ചിരുന്നതെന്നു പറയാന്‍ പറ്റില്ലെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശഠിക്കുകയാണ് ചെയ്യുക. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 9 ഹോട്ടലുകളും 2 കാറ്ററിങ് സ്ഥാപനങ്ങളും പരിശോധിച്ചു പഴകിയ ചിക്കന്‍ കറി, പഴകിയ എണ്ണ, റോസ്‌റ്, ബീഫ്, ചപ്പാത്തി, തൈര്, പപ്പടം, ആഴ്ചകളോളം പഴക്കമുള്ള ഫ്രീസറിലെ മീന്‍, ഉപയോഗിച്ച ചായ പൊടി തുടങ്ങീ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ഹോട്ടലുകളുടെ മുന്‍വശം ആധുനിക രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും അടുക്കളഭാഗം വൃത്തിഹീനമായാണ് കാണുന്നതെന്ന് ആരോഗ്യഉദ്യോഗസ്ഥര്‍ സ്വകാര്യമായി പറയുന്നു. റെയ്ഡ് നടത്തി ഓഫിസിലെത്തും മുമ്പേ ഉന്നതര്‍ ഇടപെട്ട് കേസെടുക്കാതെ ഒതുക്കിതീര്‍ക്കലാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണു ഹോട്ടലുകളുടെ പേര് മൂടി വെക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിയായി പറയുന്നു. ഹോട്ടല്‍ മാലിന്യങ്ങള്‍ പൊതു ഓടകളിലേക്ക് ഒഴുക്കിവിടുന്നു. ഇതിനെതിരെ പൊതുജനങ്ങളും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളിലും നിയമപരമായും സമരമാര്‍ഗത്തിലൂടെയും പൊരുതുന്നു. പല ഹോട്ടലുകളിലും മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഇതുപോലെതന്നെയാണ് ഒരു മാനദണ്ഡങ്ങളും പാലിക്കാതെ കാറ്ററിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്ററിംഗ് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും പൊതുജനങ്ങള്‍ക്ക് വലിയ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കാനകളിലും ഓടകളിലേക്കും ഒഴുക്കുന്നത് ഇരിങ്ങാലക്കുടയില്‍ പതിവായിരിക്കുകയാണ്. കോഴിവേസ്റ്റ്, മറ്റുമാലിന്യങ്ങള്‍ രാത്രിയുടെ മറവില്‍ പാടങ്ങളിലും, റോഡുകളിലും തള്ളുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പരാതികള്‍ അധികൃതര്‍ അവഗണിക്കുന്നതാണ് ഈ രീതിയിലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.