ദിലീപിനെ പിന്തുണച്ചവരില്‍ നിന്ന് പോലീസ് വിവരം ശേഖരിക്കുന്നു

Sunday 30 July 2017 9:55 pm IST

കൊച്ചി: ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം സിനിമാ മേഖലയില്‍ സജീവ ചര്‍ച്ചയായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. നടി ആക്രമിക്കപ്പെടുമെന്ന്ചിലര്‍ക്ക് അറിയമായിരുന്നു. എന്നിട്ടും അത് മറച്ചുവെയ്ക്കാനുള്ള കാരണങ്ങളാവും പോലീസ് അന്വേഷിക്കുക. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ പിന്തുണച്ചവരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കില്ലെന്നാണ് സൂചന. വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടി ആക്രമിക്കപ്പെട്ട കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിനു കത്തെഴുതിയ വിപിന്‍ലാലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളില്‍ നിന്നു സുനിയുടെ ജയിലിനുള്ളിലെ നീക്കങ്ങളറിയാന്‍ അന്വേഷണ സംഘത്തിനു സാധിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ ദിലീപിന്റെ ഇടപെടലുകളും 2013ല്‍ അമ്മയുടെ താരനിശ സംബന്ധിച്ചു കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനുമായി ചോദ്യം ചെയ്യാനുള്ളവരുടെ പുതിയ പട്ടിക പോലീസ് തയ്യാറാക്കുന്നുണ്ട്. താരനിശയോടനുബന്ധിച്ചു കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന റിഹേഴ്സലിനിടയില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും തുടര്‍ന്നു ദിലീപ് സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നുമാണ് ദിലീപിന്റെ അറസ്റ്റിനു ശേഷം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരില്‍ നിന്നു വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുന്നത്. താരനിശയുടെ റിഹേഴ്സിലുണ്ടായിരുന്ന പ്രധാന താരങ്ങളെയടക്കം വിളച്ചുവരുത്തുമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.