താലി തിരികെ നല്‍കി വധു കാമുകനൊപ്പം പോയി; കല്യാണമണ്ഡപത്തില്‍ കൂട്ടത്തല്ല്

Sunday 30 July 2017 9:49 pm IST

ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വിവാഹത്തിനിടെ സിനിമയെ വെല്ലുന്ന നാടകീയത. താലികെട്ടി മിനിറ്റുകള്‍ ക്കുള്ളില്‍ വധു താലിമാലയൂരി വരന് നല്‍കി. ഇന്നലെ രാവിലെ പത്തരയോടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ വരന്‍ മുല്ലശ്ശേരി സ്വദേശിനിയായ യുവതിയെ താലികെട്ടിയത്. കെട്ട് കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി ക്ഷേത്രനടയില്‍ തൊഴുത് നില്‍ക്കുമ്പോഴാണ് വധു തന്റെ കാമുകനെ കാണുന്നത്. ഉടനെ കാമുകനെ ചൂണ്ടിക്കാണിച്ച് അയാളൊടൊപ്പം പോകുകയാണെന്നറിയിച്ചു. ഉടന്‍ താലിമാല ഊരി നല്‍കണമെന്ന നവവരന്റെ നിര്‍ദ്ദേശം ഒരുകൂസലും കൂടാതെ വധു അംഗീകരിച്ചു. കെട്ട് കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ താലിമാല ഊരി നല്‍കിയത് കണ്ട് ബന്ധുക്കള്‍ അമ്പരന്നു. വരനും, കൂട്ടര്‍ക്കും തലകറക്കം അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ ഇടപെട്ട് വരനേയും, വധുവിനെയും വിവാഹ സല്‍ക്കാരം നടക്കുന്ന മണ്ഡപത്തിലെത്തിച്ചു. ബന്ധുക്കള്‍ കാര്യഗൗരവം പറഞ്ഞ് മനസ്സിലാക്കിയെങ്കിലും വധു തന്റെ നിലപാടില്‍ ഉറച്ചുനിന്നു. താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ അണിയിച്ച വധുവിന്റെ സാരിയും ഊരി നല്‍കണമെന്ന് വരനും, കൂട്ടരും നിര്‍ബന്ധം പിടിച്ചു. യാതൊരു കൂസലുമില്ലാതെ വധു പോയി സാരിയും അഴിച്ച് ബന്ധുക്കളെ ഏല്‍പ്പിച്ചു. എന്നാല്‍ വധു തന്നെ സാരി തിരിച്ചു നല്‍കണമെന്നായി വരന്റെ ബന്ധുക്കള്‍. ഉടനെ വധു അതിനും തയ്യാറായി. ഇതിനിടയില്‍ വരന്റെ ബന്ധുക്കള്‍ ചെരിപ്പൂരി വധുവിന്റെ ബന്ധുക്കളിലൊരാളെ അടിച്ചു. പിന്നെ സിനിമയെ വെല്ലുന്ന കൂട്ടത്തല്ലായി. മണ്ഡപത്തിന്റെ ഉടമ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. ഇരുകൂട്ടരെയും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്ന് വരന്റെ വീട്ടുകാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞു. താലികെട്ട് നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വേര്‍പിരിയലും നടന്നതോടെ വെട്ടിലായത് കല്ല്യാണമണ്ഡപ ഉടമയായിരുന്നു. നാനൂറ് പേര്‍ക്കുള്ള സദ്യയാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം ലഭിക്കാതെ വലഞ്ഞവര്‍ വിവരം കേട്ട് ഓടിയെത്തി. സദ്യയുടെയും, മറ്റു വിവാഹ ചിലവുകളും വഹിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ തയ്യാറായതോടെ വിവാഹത്തിനും, വിവാഹമോചനത്തിനും പരിസമാപ്തിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.