നിരോധനം നീങ്ങുന്നു, ബോട്ടുകള്‍ കടലിലേക്ക്

Sunday 30 July 2017 11:36 pm IST

പള്ളുരുത്തി: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തീരാന്‍ ഒരു ദിവസം ശേഷിക്കെ മത്സ്യബന്ധന ബോട്ടുകള്‍ കടലിലേയ്ക്ക് പോകാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കൊച്ചി, മുനമ്പം, വൈപ്പിന്‍ മേഖലകളിലായി 800ഓളം ട്രോളിംഗ് ബോട്ടുകളാണ് പ്രവര്‍ത്തിക്കുന്നത്. 300ഓളം ഗില്‍നെറ്റ് ബോട്ടുകളും പ്രവര്‍ത്തിക്കുന്നു. ബോട്ട് തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. തമിഴ്‌നാട് കൂടാതെ, ഒഡീഷ, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൊച്ചി കേന്ദ്രീകരിച്ച് ബോട്ടുകളില്‍ ജോലിചെയ്യുന്നുണ്ട്. അതേസമയം ഇക്കുറി നിരോധനകാലത്ത് കടലില്‍ നിന്ന് പ്രതീഷിച്ചതുപോലെ മത്സ്യം ലഭിച്ചില്ലെന്ന് പരമ്പരാഗത തൊഴിലാളി സമൂഹം പറയുന്നു. ജൂണ്‍ മാസത്തില്‍ മാത്രമാണ് ചാള കിട്ടിയത്. ചാളയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ചാളവില കുതിച്ചുകയറുകയും ചെയ്തു. നാടന്‍ മാര്‍ക്കറ്റുകളില്‍ ചാളവില കിലോയ്ക്ക് 200 രൂപ വരെയായി ഉയര്‍ന്നു. നിരോധനകാലം, 61 ദിവസമായി ഉയര്‍ത്തണമെന്ന ആവശ്യം പരമ്പരാഗതതൊഴിലാളി സമൂഹം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല. അതുകൊണ്ട് ബോട്ട്‌തൊഴിലാളികള്‍ക്കും അതിരുവിട്ട പ്രതീക്ഷയൊന്നുമില്ല. നിയമം കര്‍ക്കശമാക്കിയതിനാല്‍, ബഹുഭൂരിപക്ഷം ബോട്ടുകളും പുതിയ കളര്‍കോഡിലേക്ക് മാറിയിട്ടുണ്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ബോട്ടുകള്‍ക്ക് മുകള്‍ ഭാഗത്ത് വീല്‍ഹൗസ് ഓറഞ്ചും, താഴെ നീലയുമാണ് നിറം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ബോട്ട് വ്യവസായം തന്നെ നഷ്ടത്തിലായതിനാല്‍ ഇക്കുറി, ബോട്ടിന്റെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ കാര്യമായി നടത്തിയിട്ടില്ലെന്ന് ബോട്ടുടമകള്‍ പറയുന്നു. ഇക്കുറി ആദ്യ മൂന്നാഴ്ചകളിലെങ്കിലും, കാര്യമായ രീതിയില്‍ മീന്‍ കിട്ടിയില്ലെങ്കില്‍ പ്രതിസന്ധിരൂക്ഷമാകുമെന്ന് ബോട്ടുടമകള്‍ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഹാര്‍ബറുകളിലേക്ക് എത്തുന്നുണ്ട്. നിരോധനത്തെ തുടര്‍ന്ന് ആയിരങ്ങള്‍ക്കാണ് തൊഴിലില്ലാതായത്. നിരോധനകാലത്ത് ഹാര്‍ബറുകള്‍ നിശ്ചലമായിരുന്നു. കൊച്ചി, മുനമ്പം, വൈപ്പിന്‍ പ്രദേശങ്ങളുടെ സമ്പദ് വ്യവസ്ഥയെയും നിരോധനം തകിടം മറിച്ചിരുന്നു. കച്ചവടകേന്ദ്രങ്ങളിലെല്ലാം മാന്ദ്യം ബാധിച്ചു. ബോട്ടുകള്‍ കടലിലേയ്ക്ക് ഇറങ്ങുന്നതോടെ, ഹാര്‍ബറുകള്‍ ചലിച്ചു തുടങ്ങും. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.