കൊലയ്ക്ക് പിന്നില്‍ സിപിഎം തന്നെയെന്ന് കോണ്‍ഗ്രസ്

Sunday 30 July 2017 11:47 pm IST

കോഴിക്കോട്: തിരുവനന്തപുരത്ത് ആര്‍എസ്എസ് ബസ്തി കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. മറിച്ചുള്ള പ്രചരണങ്ങള്‍ വഴിതിരിച്ചുവിടാനാണെന്നും കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കോഴിക്കോട്ട് നടത്തിയ ഉപവാസ സമരത്തിനിടെയാണ് ഇരുവരും സിപിഎമ്മിനെതിരെ രംഗത്ത് എത്തിയത്. രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മണിക്കുട്ടന്‍ സിപിഎമ്മുകാരനല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം. എന്നാല്‍ മണിക്കുട്ടന്‍ എല്‍ഡിഎഫ് ബൂത്ത് കമ്മിറ്റി കണ്‍വീനര്‍ ആയിരുന്നെന്ന് ഹസ്സന്‍ തിരിച്ചടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എളവക്കോട് വാര്‍ഡിലെ 144-ാം നമ്പര്‍ ബൂത്തില്‍ ഇടതുമുന്നണിയുടെ കണ്‍വീനറായിരുന്നു മണിക്കുട്ടന്‍. കോടിയേരിക്ക് മണിക്കുട്ടന്റെ കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ കഴക്കൂട്ടത്തെ ജനപ്രതിനിധിയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ മനസ്സിലാവും. തിരുവനന്തപുരത്തെ സിപിഎം കൗണ്‍സിലര്‍മാരായ വിജയകുമാറും പത്മകുമാറും മണിക്കുട്ടനെ എത്ര തവണ വിളിച്ചിട്ടുണ്ടെന്നു ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും എം.എം. ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനോട് വിരോധമുള്ളതു കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമങ്ങള്‍ക്ക് ഒത്താശചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാര്‍ ആരെ കൊന്നാലും ഞങ്ങളല്ല ചെയ്തതെന്നേ പറയൂ. ടി.പി. കേസിലും അതാണുണ്ടായത്. സിപിഎമ്മിന്റെ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് മണിക്കുട്ടന്‍. കോടിയേരി നടത്തുന്ന ഉപജാപങ്ങളാണ് അക്രമത്തിന് കാരണമെന്ന് പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇന്നലെ കോഴിക്കോട് മാനാഞ്ചിറ ലൈബ്രറി പരിസരത്ത് രമേശ് ചെന്നിത്തല നടത്തിയ ഉപവാസം കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. തായാട്ട് ബാലന്‍, ഡോ. എ. അച്യുതന്‍, യു.കെ. കുമാരന്‍, അഡ്വ. പി. ശങ്കരന്‍, അഡ്വ. ടി. സിദ്ദിഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ.എം.കെ. മുനീര്‍ എംഎല്‍എ നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.