ജെറ്റ്‌ എയര്‍വേയ്സ്‌ ലാഭം വീണ്ടെടുത്തു

Saturday 4 August 2012 7:14 pm IST

മുംബൈ: തുടര്‍ച്ചയായ അഞ്ച്‌ ത്രൈമാസത്തെ നഷ്ടത്തിനുശേഷം ജെറ്റ്‌ എയര്‍വേയ്സ്‌ ലാഭം വീണ്ടെടുത്തു. നടപ്പ്‌ സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 24.70 കോടി രൂപയുടെ ലാഭമാണ്‌ ജെറ്റ്‌ എയര്‍വേഴ്സ്‌ നേടിയത്‌. നഷ്ടത്തിലായിരുന്ന ജെറ്റ്‌ എയര്‍വേയ്സ്‌ നിരവധി ചെലവ്‌ ചുരുക്കല്‍ നടപടികളാണ്‌ ഇക്കാലയളവില്‍ സ്വീകരിച്ചിരുന്നത്‌.
നിരക്ക്‌ ഉയര്‍ത്തിയും എയര്‍ക്രാഫ്റ്റുകള്‍ വിറ്റശേഷം അവ പാട്ടത്തിനെടുത്ത്‌ സര്‍വീസ്‌ നടത്തുകയും ചെയ്തത്‌ മുഖേന 40 കോടി ഡോളറിന്റെ കട ബാധ്യത തീര്‍ക്കാന്‍ ജെറ്റ്‌ എയര്‍വേയ്സിന്‌ സാധിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവിലെ നഷ്ടം 123.2 കോടി രൂപയായിരുന്നു. രൂപയുടെ വിലയിടിവ്‌ മൂലം 170.3 കോടി രൂപയുടെ വിദേശ വിനിമയ നഷ്ടമാണ്‌ കമ്പനിക്ക്‌ നേരിടേണ്ടി വന്നത്‌. ജെറ്റ്‌ എയര്‍വേയ്സിന്റെ മൊത്ത വരുമാനം 31.4 ശതമാനം ഉയര്‍ന്ന്‌ 5,274.8 കോടി രൂപയിലെത്തി. ഇന്ധന വിലയില്‍ ഉണ്ടായ വര്‍ധനവും രൂപയുടെ മൂല്യശോഷണവും വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചതായി അധികൃതര്‍ പറയുന്നു. ഇന്ധന വില 25.8 ശതമാനം ഉയര്‍ന്ന്‌ 1,967.4 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇത്‌ 1,563.7 കോടി രൂപയായിരുന്നുവെന്ന്‌ ജെറ്റ്‌ എയര്‍വേയ്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ്‌ നികോസ്‌ കര്‍ഡാസിസ്‌ പറഞ്ഞു.
ആഭ്യന്തര വിമാന സര്‍വീസിലൂടെ 2,067.7 കോടി രൂപയുടെ വരുമാനമാണ്‌ ജെറ്റ്‌ എയര്‍വേയ്സ്‌ നേടിയത്‌. അന്താരാഷ്ട്ര വിമാന സര്‍വീസിലുടെ വരുമാനം 56 ശതമാനം ഉയര്‍ന്ന്‌ 2,643.9 കോടി രൂപയിലെത്തി. ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ച്‌ വിടില്ലെന്നും കര്‍ഡാസിസ്‌ പറഞ്ഞു.
എന്നാല്‍ വിരമിക്കുന്നവര്‍ക്കും രാജി വയ്ക്കുന്നവര്‍ക്കും പകരമായി പുതിയ ജീവനക്കാരെ ഉടന്‍ നിയമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും ഈ ഇനത്തില്‍ 22-25 ദശലക്ഷം ഡോളര്‍ ലാഭിക്കാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും കര്‍ഡാസിസ്‌ അഭിപ്രായപ്പെട്ടു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.