പ്രേക്ഷകരുടെ സിനിമ ഇപ്പോള്‍ മറ്റൊന്ന്!

Monday 31 July 2017 7:39 pm IST

ഇടയ്ക്കുകൂടിയും കുറഞ്ഞും കാണികള്‍ തിയറ്ററുകളെ മോഹിപ്പിച്ചും അതുകെടുത്തിയുമൊക്കെ ഉണ്ടായിരുന്ന കാലം അത്ര വിദൂരമല്ല. പിന്നീടത് നിറഞ്ഞ സദസുകളായി. നല്ല സിനിമകള്‍ ഹൗസ്ഫുള്ളായി ഓടുകയും ചെയ്തു. പ്രേക്ഷകരെ തിയറ്ററുകള്‍ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുവരാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. മിനി സ്‌ക്രീനില്‍മാത്രം കാണേണ്ടതല്ല സിനിമ എന്ന ഒരുധാരണ കാണികള്‍ക്കുണ്ടായി എന്നുതന്നെ പറയാം. കുടുംബസമേതം അങ്ങനെ സിനിമയ്ക്കു വീണ്ടും ആള്‍ക്കാര്‍ വന്നുതുടങ്ങിയ സമയം. വലിയ ഹിറ്റുകളുടെ എണ്ണംകൂടി. നഷ്ടങ്ങളിലേക്കുമാത്രമായി കൂപ്പുകുത്തിയിരുന്ന സിനിമകളുടെ സ്വഭാവം മാറിത്തുടങ്ങി.  പുതിയ നിരവധി നിര്‍മാതാക്കള്‍ രംഗത്തുവന്നുകൊണ്ടിരുന്ന നേരം. ഇത്തരം നല്ല നേരങ്ങളാണ് സിനിമയുടെ നേരുകേടുകൊണ്ട് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. പത്തും മുപ്പതും ആളുകളാണ് ചില ഷോകള്‍ക്കെത്തുന്നത്. നഗരത്തിലും നാട്ടിന്‍പുറത്തും ഒരുപോലെ ആളുകുറഞ്ഞു. സിനിമാരംഗത്തെ എല്ലാകണക്കുകൂട്ടലുകളേയും തെറ്റിച്ചാണ് സിനിമയെ മൊത്തത്തില്‍ പേടിപ്പിക്കുന്ന ഈ ആളുകുറവ്. പ്രേക്ഷകര്‍ കണ്ട് നല്ല അഭിപ്രായമുള്ള ചിത്രങ്ങള്‍ക്കുപോലും പെട്ടെന്ന് ആളിടിഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെയാണ് ഈ കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. ജനപ്രിയ നായകനായ ദിലീപിന്റെ ക്രിമിനലിസം ജനത്തെ ഞെട്ടിച്ചുകളഞ്ഞു. തല്ലാനും കൊല്ലാനും ക്വട്ടേഷന്‍കൊടുക്കുന്നതു കേട്ടിട്ടുണ്ട്. പക്ഷേ ബലാല്‍സംഘം ചെയ്യാന്‍ ക്വട്ടേഷന്‍കൊടുക്കുന്നത് ആദ്യമായിട്ടാണെന്നാണ് പൊതുജനം ഒന്നടങ്കം പ്രതികരിച്ചത്. എങ്ങനെ ഇതിനു കഴിഞ്ഞുവെന്നുള്ള ഞെട്ടലിന്റെ ആ ചോദ്യത്തിനുള്ള ഉത്തരമാണ് തിയറ്ററിലെ ഈ കൊഴിഞ്ഞുപോക്ക്. പണ്ട് സിനിമക്കുള്ളിലെ കഥകളെക്കുറിച്ച് പൊതുജനത്തിന് അത്രയ്‌ക്കൊന്നും അറിയില്ലായിരുന്നു. പക്ഷേ അപ്പോഴും എന്തക്കെയോ ചീഞ്ഞുനാറുന്നുവെന്ന നിഗമനങ്ങളുണ്ടായിരുന്നു. ഇന്ന് ആ നാറ്റം സഹിക്കാനാവാത്തവിധം വീശിയടിക്കുകയാണ്. അതുവെറുപ്പായി മാറിക്കഴിഞ്ഞു . ജനത്തിന്റെ പ്രധാനവിനോദങ്ങളില്‍ ഒന്നാണ് സിനിമ എന്നു തോന്നുന്നത് സിനിമാക്കാര്‍ക്കുമാത്രമാണ്. സിനിമ വിനോദങ്ങളില്‍ ഒന്നുമാത്രമാണ്. അല്ലെങ്കില്‍ മലയാളസിനിമയൊഴിച്ച് എന്തെല്ലാമുണ്ട്. അങ്ങനേയും വിചാരിച്ചുകൂടേ പ്രേക്ഷകന്. റിലീസ് ചെയ്യാന്‍ പാകത്തിലുള്ള പല സിനിമകളും ധൈര്യമില്ലാതെ അകത്തളത്തിലാണ്. ഓണത്തിനുവേണ്ടി നേരത്തേ പണിപ്പുരയിലായിരുന്നവയില്‍ ചിലതു പൂര്‍ത്തിയായിക്കഴിഞ്ഞു. ചിലതു പൂര്‍ത്തിയാകുന്നു. ഓണത്തോടുകൂടി ഇന്നത്തെ മാന്ദ്യം തീരുമെന്നൊക്കെയാണ് സിനിമാക്കാരുടെ വിശ്വാസം. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ സ്രാവുകളിലേക്കു അന്വേഷണം നീളുകയാണ്. ചിലര്‍ അടുത്ത ദിവസങ്ങളില്‍ അറസ്റ്റിലായേക്കാം. കാണികളുടെ വെറുപ്പിന്റെ പട്ടികയും്ഇതോടെ നീളുന്നുണ്ട്. സിനിമ കാണുന്നതിനു പകരം അതേ ഗൗരവത്തില്‍ പ്രേക്ഷനിപ്പോള്‍ കാണുന്നതും വായിക്കുന്നതും നടി ആക്രമിക്കപ്പെട്ട കേസില്‍ പിടിക്കപ്പെട്ടവരുടേയും പിടിയിലാകാനുള്ളവരുടേയും കഥകളാണ്. അതാണിപ്പോള്‍ പ്രേക്ഷകരുടെ സിനിമ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.