കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക്

Monday 31 July 2017 10:23 pm IST

തിരുവനന്തപുരം: ജനദ്രോഹവും തൊഴിലാളികളുടെ ജീവനെടുക്കുന്നതുമായ പരിഷ്‌ക്കാരങ്ങള്‍ക്ക് എതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു. ബിഎംഎസിന് കീഴിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്ക്. കെഎസ്ആര്‍ടിസിയെയും ജീവനക്കാരെയും തകര്‍ക്കുന്ന തീരുമാനങ്ങളുമായാണ് മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്. തുടര്‍ച്ചയായി 15 മാസവും ജീവനക്കാരുടെ ശമ്പളം മുടക്കി, ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നു പിടിക്കുന്ന റിക്കവറി കൃത്യമായി ധനകാര്യ സ്ഥാപനങ്ങളില്‍ അടയ്ക്കാതെ ജീവനക്കാരെ കടക്കെണയിലാക്കി. കെഎസ്ആര്‍ടിസിയിലെ 800ല്‍പരം താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കെഎസ്ആര്‍ടിസിയുടെ അഞ്ചുബോഡി ബില്‍ഡിംഗ് വര്‍ക് ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. 14 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന 9000 എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്ലാതാകും. പാലോട് ഡിപ്പോയിലെ എം പാനല്‍ കണ്ടക്ടറായിരുന്ന സുനില്‍കുമാറിന്റെ ആത്മഹത്യ വലിയ സാമൂഹിക വിപത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.യുഡിഎഫ് ഭരണകാലത്ത് 24 പെന്‍ഷന്‍കാരാണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് യൂണിറ്റിലെ പെന്‍ഷനറായ സുകുമാരന്‍നായര്‍ പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ഗ്രാമീണമേഖലയിലെ സര്‍വീസുകളെല്ലാം വെട്ടിക്കുറച്ചു. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം ബസുകളുടെ അറ്റകുറ്റപണി ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാക്കി. പുതിയ പരിഷ്‌ക്കാരം ഷെഡ്യൂളുകളുടെയെല്ലാം താളം തെറ്റിച്ചു. ജനോപകാരപ്രദമായി സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് പരിഷ്‌ക്കരിക്കേണ്ടതിനുപകരം ജീവനക്കാരാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന പ്രചാരണമാണ് നടത്തുന്നത്. മെയ് ഒന്നിന് നടപ്പാക്കിയ മെക്കാനിക് പരിഷ്‌ക്കരണവും പുതിയ ഡ്യൂട്ടിപരിഷ്‌ക്കാരവും സഹിതം സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെപേരില്‍ കെഎസ്ആര്‍ടിസി നടപ്പാക്കിയ എല്ലാ പരിഷ്‌ക്കാരങ്ങളും പരാജയമാണ്. തൊഴിലാളികളുടെ ജീവനെടുക്കുന്ന പരിഷ്‌ക്കാരങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യവുമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നതെന്ന് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.