നിലയ്ക്കല്‍ ക്ഷേത്രത്തിലെ കാളയെ സാമൂഹ്യവിരുദ്ധര്‍ കശാപ്പു ചെയ്തു

Sunday 5 August 2012 1:29 pm IST

എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ വക നിലയ്ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിലെ കാളയെ കടത്തിക്കൊണ്ടുപോയി സമൂഹ്യവിരുദ്ധര്‍ കശാപ്പു ചെയ്തു. കഴിഞ്ഞ ദിവസമാണ്‌ സംഭവം. നിലയ്ക്കല്‍ ക്ഷേത്ര പരിസരത്ത്‌ മേയുകയായിരുന്ന കാളയെ വാഹനത്തിലെത്തിയ നാലംഗ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നാറാണംതോട്ടില്‍ സമൂഹ്യവിരുദ്ധരുടെ നേതൃത്വത്തില്‍ ഈ കാളയെ കശാപ്പു ചെയ്യുകയായിരുന്നു. നിലയ്ക്കല്‍ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ നിരവധി കാളകളാണ്‌ ഉള്ളത്‌. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങള്‍ ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി അടക്കം വരുന്ന ക്ഷേത്രസങ്കേതങ്ങളില്‍ വഴിപാടായി ഇത്തരത്തില്‍ മൃഗങ്ങളെ നടയ്ക്കിരുത്താറുണ്ട്‌.
ഏതാനും വര്‍ഷം മുമ്പ്‌ നിലയ്ക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഇതേസംഘം മറ്റൊരു കാളയെ തട്ടിക്കൊണ്ടുപോയി കശാപ്പ്‌ ചെയ്തിരുന്നു. എന്നാല്‍ കാള ദേവസ്വം ബോര്‍ഡിന്റേതല്ല എന്നു പറഞ്ഞ്‌ അധികൃതര്‍ നടപടിയെടുത്തില്ല. ദേവസ്വം ബോര്‍ ഡ്‌ അധികൃതര്‍ക്കും ശബരിമല വനാതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്കും നന്നായി അറിയാവുന്ന അമ്പലക്കാളകളെ കശാപ്പു ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്‌. കാളയെ കശാപ്പുചെയ്ത സാമൂഹ്യവിരുദ്ധരെ അറസ്റ്റുചെയ്യണമെന്ന്‌ യുവമോര്‍ച്ച പമ്പാവാലി മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.