സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ കാര്‍ഡുടമകളുടെ വന്‍ തിരക്ക്

Monday 31 July 2017 10:33 pm IST

കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണന-മുന്‍ഗണനേതര ലിസ്റ്റുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈ ഓഫീസുകളില്‍ വന്‍ തിരക്ക്. മുന്‍ഗണനാ പട്ടികയില്‍ പെടുത്താന്‍ ജൂലൈ 31 വരെ മാത്രമേ സമയം അനുവദിച്ചിട്ടുള്ളൂ എന്ന തെറ്റായ സന്ദേശം കാരണമാണ് നൂറുകണക്കിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ സിവില്‍ സ്റ്റേഷനിലെ സപ്ലൈസ് ഓഫീസിന് മുമ്പില്‍ കൂട്ടമായെത്തിയത്. വാട്‌സ്ആപ് സന്ദേശം തെറ്റാണെന്ന് പത്രമാധ്യമങ്ങള്‍ മുഖേന അറിയിച്ചിട്ടും ആളുകള്‍ കൂട്ടമായെത്തിയതാണ് തിരക്കിന് കാരണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ജയകുമാര്‍ പറഞ്ഞു. ഇന്നലെ കാലത്ത് മുതല്‍ വന്‍ തിരക്കാണ് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ അനുഭവപ്പെട്ടത്. ഓഫീസില്‍ ജീവനക്കാരുടെ കുറവും തിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതിനിടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനും അമിത തുക ഈടാക്കിയെന്നും പരാതി ഉയര്‍ന്നു. ജൂലൈ 31ന് അവസാന തിയ്യതിയാണെന്ന സന്ദേശം പ്രചരിപ്പിച്ചത് ഇത്തരം ഏജന്റുകളാണെന്നു സിവില്‍ സപ്ലൈസ് അധികൃതര്‍ നല്‍കുന്ന സൂചന. ഇന്നലെ വൈകിട്ട് വരെയും ഓഫീസുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ ആയിരുന്നു. മുന്‍ഗണനാ ലിസ്റ്റില്‍ കടന്നുകൂടിയ അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് 10ന് മുമ്പ് നല്‍കണം. നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അനര്‍ഹരെ കണ്ടെത്തുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്. എന്നാല്‍ സപ്ലൈ ഓഫീസുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. കോര്‍പ്പറേഷന് പുറത്തുള്ള പഞ്ചായത്തുകളിലെ റേഷന്‍ കടകള്‍ ഉള്‍ക്കൊള്ളുന്ന കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ 1,99,000 കാര്‍ഡുടമകളാണുള്ളത്. 250 റേഷന്‍ കടകളാണ് ഇതിലുള്‍പ്പെടുക. മൂന്നു പഞ്ചായത്തുകള്‍ക്ക് ഒരു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്ന നിലക്കാണ് ജീവനക്കാര്‍ വേണ്ടത്. എന്നാല്‍ ഓഫീസില്‍ മൂന്നു റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവാണ് നിലവിലുള്ളത്. ഇതോടെ 9 പഞ്ചായത്തുകളിലെ റേഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വൈകുമെന്ന് ചുരുക്കം. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കാനും റേഷന്‍ കാര്‍ഡുകള്‍ പുതുക്കാനും ഏഴു വര്‍ഷം എടുത്തിട്ടും സപ്ലൈ ഓഫീസുകളിലെ തിരക്കുകള്‍ ഒഴിയുന്നില്ല. റേഷന്‍ കാര്‍ഡ് ഉടമകള്‍ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. കാര്‍ഡുടമകള്‍ വിശദ വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുമ്പോഴുണ്ടായ പിശകുകളാണ് കാര്‍ഡുകളില്‍ തെറ്റുകള്‍ കടന്നുകൂടാന്‍ ഇടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.