'വന്യജീവി ആക്രമണത്തിലെ മരണം കൊലപാതകമായി കരുതണം'

Monday 31 July 2017 10:48 pm IST

ബത്തേരി: വന്യജീവി ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ചാല്‍ കൊലപാതകമായി പരിഗണിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ്. വന്യജീവികള്‍ നാട്ടിലേക്കും പൊറുതിമുട്ടിയ ജനം കാട്ടിലേക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി ബത്തേരിയിലെ വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണകൂടങ്ങള്‍ തന്നെയാണ് വനം നശിപ്പിച്ചത്. കയ്യേറ്റങ്ങള്‍ക്ക് ഇടത്-വലത് മുന്നണികള്‍ കൂട്ടുനിന്നു. വനംവകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചാല്‍തന്നെ പകുതി പ്രശ്‌നം പരിഹരിക്കും. എന്നാല്‍ സര്‍ക്കാര്‍ ഇത് ചെയ്യുന്നില്ല. ജനങ്ങളുടെ നിവേദനങ്ങള്‍ക്ക് പുല്ലുവിലയാണ് പിണറായി സര്‍ക്കാര്‍ കല്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര ഫണ്ട് പോലും ആവശ്യത്തിന് വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് ആവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്യ ജീവികള്‍ ആളുകളെ കൊല്ലുന്നപോലെയാണ് സംസ്ഥാന സര്‍ക്കാരും നാട്ടുകാരെ വകവരുത്തുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതകത്തില്‍ രാജേഷിനേറ്റത് 41 വെട്ടാണ്. ഒരു പെറ്റിക്കേസില്‍ പോലും പ്രതിയാകാത്ത രാജേഷിനെതിരെ സിപിഎമ്മുകാര്‍ നടത്തിയ നരനായാട്ട് കേരളം കണ്ടതാണെന്നും എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, പി.സി.മോഹനന്‍,കെ.സദാനന്ദന്‍, കൂട്ടാറ ദാമോദരന്‍ പി.സി.തോമസ്, അഹമ്മദ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.പോലീസ് വലയം ഭേദിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് പ്രവര്‍ത്തകര്‍ കുടില്‍കെട്ടി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.