ജില്ലാ ആശുപത്രി നവീകരണം രണ്ടു മാസത്തിനകം ആരംഭിക്കും: മന്ത്രി

Monday 31 July 2017 11:15 pm IST

കണ്ണൂര്‍: ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നതിനുള്ള 76 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സപ്തംബര്‍ അവസാനത്തോടെ ആരംഭിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആശുപത്രി നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പരമാവധി രണ്ട് വര്‍ഷത്തിനിടയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കും കാത്ത്‌ലാബും ഉള്‍പ്പെടെയുള്ള വികസന മാസ്റ്റര്‍പ്ലാന്‍ പൂര്‍ണമായി നടപ്പാക്കാന്‍ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയുടെ നവീകരണപദ്ധതിയില്‍ വിവിധ വകുപ്പുകളും ഏജന്‍സികളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി കണ്‍വീനറുമായി പ്രത്യേക സമിതിക്ക് യോഗം രൂപം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എന്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍, ആശുപത്രി സൂപ്രണ്ട്, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങി ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍, ബിഎസ്എന്‍എല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. ഭരണ വിഭാഗം, ശസ്ത്രക്രിയാ വിഭാഗം, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം, മെട്രോ കെയര്‍ വിഭാഗം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം എന്നിങ്ങനെ അഞ്ച് ബ്ലോക്കുകളായി തിരിച്ചാണ് ആശുപത്രിയെ നവീകരിക്കുക. കെട്ടിടങ്ങളുടെ വൈദ്യുതീകരണത്തിനും ചികില്‍സാ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും 1000 കിലോവാട്ട് ശേഷിയുള്ള എച്ച്ടി ലൈന്‍ ആവശ്യമായി വരുമെന്നതിനാല്‍ നിലവില്‍ 500 കെവി വൈദ്യുതി കണക്ഷന്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പദ്ധതി ഒഴിവാക്കാനും തീരുമാനമായി. ആശുപത്രിക്കായി 1000 കെവിയുടെ പ്രത്യേക സബ്‌സ്റ്റേഷന്‍ ബിഎസ്എന്‍എല്‍ സ്ഥാപിക്കും. 500 കെവി ലൈനിന് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ച് ആധുനിക ജനറേറ്റര്‍ സംവിധാനം സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തയ്യാറാക്കുന്നതിന് നിലവില്‍ ആരോഗ്യവകുപ്പിന് നല്‍കിയ പദ്ധതിയും ബിഎസ്എന്‍എല്ലിന് കൈമാറും. ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നടത്തുന്ന ഒപി വിഭാഗത്തിന്റെ ആധുനികവല്‍ക്കരണം മാസ്റ്റര്‍ പ്ലാനിന് അനുയോജ്യമായി മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടര്‍ ആസിഫ്.കെ യൂസഫ് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.നിത വിജയന്‍, ബിഎസ്എന്‍എല്‍ ജോയന്റ് ചീഫ് എഞ്ചിനീയര്‍ മഹേന്ദ്ര റാവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.