അബ്ബാസി ഇടക്കാല പാക് പ്രധാനമന്ത്രി

Tuesday 1 August 2017 7:34 pm IST

ഇസ്ലാമാബാദ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നു നവാസ് ഷരീഫ് രാജിവച്ച ഒഴിവില്‍ ഇടക്കാല പാക് പ്രധാനമന്ത്രിയായി ഷഹീദ് അബ്ബാസിയെ തെരഞ്ഞെടുത്തു. നാഷണല്‍ അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിഎംഎല്‍ സ്ഥാനാര്‍ഥിയായ അബ്ബാസി വിജയിച്ചു. 342 അംഗ പാര്‍ലമെന്റില്‍ 221 വോട്ട് നേടിയായിരുന്നു അബ്ബാസിയുടെ വിജയം. അബ്ബാസിക്കെതിരെ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയും പിപിപിയും പദ്ധതിയിട്ടിരുന്നെങ്കിലും വിജയിച്ചില്ല. ഇരുപാര്‍ട്ടികളും സ്വന്തം സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കി. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സ്ഥാനാര്‍ഥി നവീദ് ഖമറിന് 47 വോട്ടും പാക്കിസ്ഥാന്‍ തെഹ്‌റീക് ഇ ഇന്‍സാഫിന്റെ ഷെയ്ക്ക് റാഷിദിന് 33 വോട്ടും ലഭിച്ചു. ജമാഅത് ഇസ്ലാമി സ്ഥാനാര്‍ഥിക്ക് നാല് വോട്ടുകള്‍ മാത്രമാണ് നേടാനായത്. നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്നിനു പാര്‍ലമെന്റില്‍ 188 സീറ്റുള്ളതിനാല്‍ അബ്ബാസിയുടെ വിജയം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. പെട്രോളിയം മന്ത്രി ഷഹീദ് അബ്ബാസിയെ ഇടക്കാല പ്രധാനമന്ത്രിയായി നേരത്തെ ഷരീഫ് പ്രഖ്യാപിച്ചിരുന്നു. യഥാര്‍ഥ പിന്‍ഗാമി തന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫായിരിക്കുമെന്നും നവാസ് വ്യക്തമാക്കി. മുഖ്യമന്ത്രിപദം രാജിവച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷഹബാസ് ജയിച്ചുവരുന്നതുവരെയാണ് അബ്ബാസി പ്രധാനമന്ത്രിപദം വഹിക്കുക. 45 ദിവസമാണ് അബ്ബാസി പ്രധാനമന്ത്രി പദവിയിലുണ്ടാകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.