തടവുകാരന് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Tuesday 1 August 2017 9:42 pm IST

തൃശൂര്‍: ഹൈഡ്രോസില്‍ ശസ്ത്രക്രിയ നടത്തിയിട്ടും അസ്വസ്ഥതകള്‍ തുടരുന്ന സെന്‍ട്രല്‍ ജയിലിലെ തടവുകാരനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനു മുമ്പിലെത്തിച്ച് മതിയായ ചികിത്സ അടിയന്തിരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തടവുകാരന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജയില്‍ ഐ.ജി സമര്‍പ്പിച്ച അനേ്വഷണറിപ്പോര്‍ട്ടിനെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. രണ്ടു തവണ ശസ്ത്രക്രിയക്ക് വിധേയനായ തടവുകാരന്റെ ദയനീയ സ്ഥിതി അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ട് സത്യസന്ധമല്ലെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ നിരീക്ഷിച്ചു. തടവില്‍ കഴിയുന്ന ഒരാളിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ 2521-ാം നമ്പര്‍ തടവുകാരനായ വില്‍സന്റെ പരാതിയിലാണ് നടപടി. 2014 സെപ്റ്റംബര്‍ 30 നും 2016 ഡിസംബര്‍ 23 നും വില്‍സണ്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇയാള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗവും കാഴ്ചക്കുറവുമുണ്ട്. തടവുകാരന്റെ രോഗ വിവരം സംബന്ധിച്ച് അയാളുടെ മൊഴി രേഖപ്പെടുത്താതെ ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച രീതി സ്വഭാവിക നീതിക്ക് ഇണങ്ങുന്നതല്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കമ്മീഷന് ഉത്കണ്ഠയുണ്ട്. തടവിന് വിധിക്കപ്പെട്ട ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ചികിത്സിക്കാന്‍ പരിമിതിയുണ്ട്. തടവുകാരനായി തുടരുന്ന കാലയളവില്‍ വേണ്ട ചികിത്സ നല്‍കാന്‍ സര്‍ക്കാരിന് ചുമതലയുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.