കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Tuesday 1 August 2017 9:47 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. എട്ട് ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തു. 2014-15 സാമ്പത്തീക വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോഴാണ് അഴിമതി നടന്നതായി കണ്ടെത്തിയത്. കേരള ഗ്രാമീണ്‍ ബാങ്കിന്റെയും ബറോഡ ബാങ്കിന്റെയും കാഞ്ഞിരപ്പള്ളി ശാഖയില്‍ നിന്നും കമ്മറ്റി തീരുമാനമില്ലാതെ പണം പിന്‍വലിക്കുകയായിരുന്നു. അതത് ദിവസത്തെ ക്യാഷ് ബാലന്‍സല്‍ ഉള്‍പ്പെടുത്താതെയാണ് പണം പിന്‍വലിച്ചത്. ഇക്കാലയളവില്‍ കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ കോ-ഓപ്പറേറ്റിവ് ബാങ്കില്‍ 15 ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി പിന്‍വലിച്ച തുകയുടെ ഭാഗമാണ് ഇതെന്ന് കരുതിയാല്‍ പോലും എട്ട് ലക്ഷത്തോളം രൂപ ദുര്‍വിനയോഗം ചെയ്തതായോ അപഹരിച്ചതായോ കണക്കാക്കേണ്ടി വരുമെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. നിയമ വിരുദ്ധമായി നിക്ഷേപം പിന്‍വലിച്ച സെക്രട്ടറിയില്‍ വിശദീകരണം തേടണമെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ അഴിമതി നടന്നതെന്ന് പഞ്ചായത്ത് ഭരണ സമിതി ആരോപിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നടന്ന അഴിമതിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും യുഡിഎഫിന് ഒഴിഞ്ഞ് മാറാനാകില്ലെന്നും ഭരണ സമതിയംഗങ്ങള്‍ ആരോപിച്ചു. പഞ്ചായത്തിന് കീഴില്‍ ഇക്കാലയളവില്‍ നടന്ന കെട്ടിട നിര്‍മ്മാണത്തിന്റെ നികുതിയിനത്തിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. കുന്നുംഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്നത് 29 ലക്ഷം രൂപയായിരുന്നു. എന്നാല്‍ ഒന്‍പത് ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഫാക്ടറി നിര്‍മ്മാണത്തിലും ഉദ്യോഗസ്ഥര്‍ നികുതി വെട്ടിപ്പ് നടത്തി പഞ്ചായത്തിന് ലഭിക്കേണ്ട വന്‍തുകയാണ് നഷ്ടമാക്കിയിരിക്കുന്നത്. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് സംബന്ധിച്ചുള്ള ഫയലുകളും പഞ്ചായത്തില്‍ നിന്ന് കാണാതായതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പഞ്ചായത്തിലെ വനിത വിപണന കേന്ദ്രത്തിലെ കടമുറികള്‍ ലേലം ചെയ്തതിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. നിരതദ്രവ്യം ഒഴിച്ച് ബാക്കി തുക അടച്ചതിന്റെ രേഖകള്‍ പഞ്ചായത്തില്‍ കാണാനില്ല. മാത്രവുമല്ല നിസാര തുകയക്കാണ് കടമുറികള്‍ ലേലത്തില്‍ നല്‍കിയതെന്നും ഭരണസമിതിയാരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.