മീന്‍വാഹനം എംസി റോഡില്‍ തലകീഴായി മറിഞ്ഞു

Wednesday 2 August 2017 2:06 pm IST

ആയൂര്‍: എംസി റോഡിന്റെ നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങുന്നതിനിടയില്‍ മീന്‍ കയറ്റിവന്ന കണ്ടയിനര്‍ ലോറി റോഡിന് കുറുകെ തലകീഴായി മറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് എംസി റോഡില്‍ ആയൂര്‍പാലത്തിന് സമീപം പുതിയതായി നിര്‍മ്മാണം നടത്തുന്ന കലുങ്കിന് വശത്തായിട്ടാണ് ലോറി മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വെമ്പായത്ത് നിന്നും മീനുമായി പന്തളത്തേക്ക് പോവുകയായിരുന്ന കണ്ടയിനര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എംസി റോഡ് നവീകരണത്തോടനുബന്ധിച്ച് കെഎസ്ടിപി നടത്തുന്ന റോഡ് നിര്‍മ്മാണത്തിലുള്ള മെല്ലപ്പോക്കാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കു. എംസി റോഡ് നവീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ ആയൂരില്‍ പാലത്തിന് സമീപം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി എംസി റോഡിന് കുറുകെ കലുങ്ക്‌നിര്‍മ്മാണം ആരംഭിച്ചിരുന്നു. മാസങ്ങളായിട്ടും കലുങ്ക്‌നിര്‍മ്മാണത്തിന്റെ പകുതി പോലും ആയിട്ടില്ലെന്നാണ് പരാതി. റോഡിന് ഇരുവശത്തുമായി കൂട്ടിയിട്ടിരിക്കുന്ന മെറ്റില്‍, മണല്‍, മധ്യഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബ് എന്നിവ കാരണമാണ് നിയന്ത്രണം വിട്ട് മീന്‍വണ്ടി മറിയാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന എംസി റോഡില്‍ ആയൂര്‍ഭാഗത്ത് നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനോ, നിര്‍മാണം വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതിനോ കെഎസ്ടിപി അധികൃതര്‍ തയ്യാറാകുന്നില്ലെന്നുള്ള ആക്ഷേപമാണ് വ്യാപകമായിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.