സേവനാവകാശ നിയമം നവംബറില്‍

Sunday 5 August 2012 4:39 pm IST

തിരുവനന്തപുരം: സേവനാവകാശ നിയമം നവംബറില്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സെക്രട്ടേറിയറ്റിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ്‌ ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെല്ലാം വകുപ്പുകളിലെ സേവനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കും. ഓരോ സേവനത്തിനുമുള്ള സമയവും നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനാവകാശ നിയമം നവംബറില്‍ നടപ്പിലാക്കാന്‍ മന്ത്രിസഭായോഗം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. നിയമപ്രകാരം ഒന്നും രണ്ടും അപ്പലെറ്റ് അഥോറിറ്റികളുണ്ടാകും. ഇതിനു മുകളിലായി സര്‍ക്കാര്‍, ജുഡീഷ്യല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി അപ്പലെറ്റ് സംവിധാനം ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. നിയമം നടപ്പാക്കാന്‍ ആറുമാസമുണ്ടെങ്കിലും എത്രയും വേഗത്തില്‍ പ്രാബല്യത്തില്‍ വരുത്താനാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സേവനാവകാശ നിയമം നടപ്പിലാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനം, വ്യവസായം, വൈദ്യുതി, റവന്യൂ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന മന്ത്രിസഭാ ഉപസമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.