ഗതാഗത പരിഷ്‌കാരത്തിന് തുടക്കം

Wednesday 2 August 2017 7:21 pm IST

കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നിലവില്‍ വന്നതോടെ കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വാസമായി. ഇന്നലെ രാവിലെ മുതലാണ് പരിഷ്‌കാരം നിലവില്‍ വന്നത്. ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നതോടെ കാഞ്ഞങ്ങാട്ടെ രൂക്ഷമായ ഗതാഗത പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും. നഗരത്തിലെ ഓട്ടോറിക്ഷകള്‍ ഫൂട്പാത്തുകള്‍ക്ക് ചേര്‍ന്ന് പാര്‍ക്ക് ചെയ്യണം. കാഞ്ഞങ്ങാട് ട്രാഫിക് മുതല്‍ ഐസ്ലാന്റ് വരെ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ബസ് സ്റ്റാന്റിന് മുന്നിലുള്ള ഡിവൈഡര്‍ അടച്ചിട്ടു. പകരം ഷാലിമാര്‍ ഹോട്ടലിനുമുന്നിലുള്ള ഡിവൈഡറിലൂടെ ചെറുകിട വാഹനങ്ങള്‍മാത്രമെ കടന്നു പോകാവൂ. മലയോരത്തുനിന്നും കാഞ്ഞങ്ങാട്ട് യാത്ര അവസാനിപ്പിക്കുന്ന വാഹനങ്ങള്‍ ബസ്സ്റ്റാന്റിനകത്ത് കയറാതെ ഗിരിജ ജ്വല്ലറിക്ക് മുന്നില്‍ യാത്രക്കാരെ ഇറക്കി ടൗണ്‍ഹാള്‍ പരിസരത്ത് പാര്‍ക്ക് ചെയ്യണം. നഗരത്തിലെ ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഗിരിജ ജ്വല്ലറിക്ക് മുന്നില്‍ നിന്നും ആരംഭിക്കണം. ടൗണ്‍ഹാള്‍ പരിസരത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഷാലിമാര്‍ ഹോട്ടല്‍ പരിസരത്തുണ്ടായിരുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ പാര്‍ക്കിംഗ് പഴയ കൈലാസ് തിയേറ്ററിന് മുന്നിലേക്ക് മാറ്റി. പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ കോട്ടച്ചേരി പെട്രോള്‍ പമ്പിന് മുന്നില്‍ വനിതാ സാരീസ് തൊട്ട് പാര്‍ക്കിംഗ് ആരംഭിക്കണം. മറ്റു ഭാഗത്തേക്കുള്ള പാര്‍ക്കിംഗുകള്‍ നിലവില്‍ ഉള്ളതുപോലെ തന്നെ തുടരും. വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗകര്യം അതാത് സ്ഥാപനങ്ങള്‍ തന്നെ ഒരുക്കേണ്ടതാണ്. കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കായി നഗരത്തില്‍ റോഡുകള്‍ക്കഭിമുഖമായിട്ടുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങമൊരുക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഓരോ പോയിന്റുകളിലും ട്രാഫിക് പോലീസുകാരെ നിയോഗിച്ചിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.