ബിഎസ്എന്‍എല്‍ ഹൈസ്പീഡ് വൈഫൈ ഗ്രാമീണ മേഖലയിലേക്ക്

Wednesday 2 August 2017 10:16 pm IST

കോട്ടയം: ബിഎസ്എന്‍എല്‍ ഹൈ സ്പീഡ് ഡാറ്റാ ഉപയോഗിക്കാവുന്ന വൈ ഫൈ ഹോട്ട് സ്‌പോട്ട് സംവിധാനം ഗ്രാമീണ മേഖലയിലേക്കും. നാല് ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്ന സംവിധാനമാണ് നിലവില്‍ വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടത്തില്‍ നാല് സ്ഥലത്തും രണ്ടാം ഘട്ടത്തില്‍ 15 സ്ഥലങ്ങളിലുമാണ് ഇത് ഏര്‍പ്പെടുത്തുന്നതെന്ന് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ കെ. സാജു ജോര്‍ജ് പത്ര സമ്മേളനത്തില്‍ പറഞ്ഞു. എരുമേലി, കാഞ്ഞിരപ്പളളി, പിണ്ണാക്കനാട്, മണിമല,പൊന്‍കുന്നം, ഭരണങ്ങാനം,പൂവരണി, കിടങ്ങൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍,അയര്‍ക്കുന്നം, മണര്‍കാട്,പാമ്പാടി,കുറുപ്പന്തറ, തലയോലപ്പറമ്പ് എന്നിവടങ്ങളില്‍ താമസിയാതെ നിലവില്‍ വരും. ബിഎസ്എന്‍എല്‍ മൊബൈല്‍ വരിക്കാര്‍ക്ക് മറ്റു ചാര്‍ജ്ജുകള്‍ ഇല്ലാതെ നിലവിലുളള പ്രീ പെയ്ഡ് , പോസ്റ്റ് പെയ്ഡ് ഡാറ്റാ പ്ലാനുകളില്‍ ഹൈ സ്പീഡ് വൈ ഫൈ ഉപയോഗിക്കാവുന്നതാണ്. മറ്റു വരിക്കാര്‍ക്ക് 10 രൂപ മുതല്‍ 999 രൂപ വരെയുള്ള പ്രിമീയം ഹോട്ട് സ്‌പോട്ട് പ്ലാനുകളില്‍ ഈ സര്‍വീസ് ഉപയോഗിക്കാം. ജില്ലയില്‍ ഹൈ സ്്പീഡ് ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ 450 എണ്ണം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴി കൊടുത്തു. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയും കോട്ടയം മുതല്‍ മണര്‍കാട് വരെയും കോട്ടയം മുതല്‍ കുമരകം വരെയുള്ള പ്രധാന റോഡിലും പാല, ഈരാറ്റുപേട്ട, കിടങ്ങൂര്‍, ഉഴവൂര്‍, ഭരണങ്ങാനം, പൂവരണി എന്നിവടങ്ങളിലും ലഭ്യമാണ്. ഏറ്റവും ആകര്‍ഷകമായ മൊബൈല്‍ ഓഫറുകള്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കിയതായി ജനറല്‍ മാനേജര്‍ അറിയിച്ചു. 60 ദിവസവും മുഴുവന്‍ സമയവും ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ പറ്റുന്നതും പരിധികളില്ലാതെ ഡാറ്റ ഉപയോഗിക്കാവുന്നതുമായ ബിഎസ്എന്‍എല്‍ സിക്‌സര്‍ എന്ന പുതിയ പ്ലാന്‍ 666 രൂപയ്ക്ക് ലഭ്യമാണ്. പരിധികളില്ലാതെ 56 ദിവസത്തേക്ക് ഡാറ്റ ഉപയോഗിക്കാവുന്ന സ്‌പെഷ്യല്‍ ഡാറ്റ താരിഫ് 333 രൂപയ്ക്ക് ലഭ്യമാണ്. പരിധികളില്ലാതെ 26 ദിവസം ഏത് നെറ്റ് വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാന്‍ സ്‌പെഷ്യല്‍ കോമ്പോ താരിഫ് 349 രൂപയ്ക്കും ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 126 കോടിയുടെ വരുമാനം ബിഎസ്എന്‍എലിന് ഉണ്ടായാതായി ജനറല്‍ മാനേജര്‍ പറഞ്ഞു. മൊബൈല്‍ വരിക്കാരുടെ എണ്ണം കൂടിയപ്പോള്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ കുറഞ്ഞു. ഒരു കോടിയാളുകളെ ബിഎസ്എന്‍എല്‍ മൊബൈല്‍ വരിക്കാരക്കുകയാണ് ലക്ഷ്യം. കണക്ഷന്‍ ഉപേക്ഷിച്ചവരെ വീണ്ടും വരിക്കാരക്കുന്നതിന് പ്രത്യേക മേളകള്‍ നടത്തും. കഴിഞ്ഞ വര്‍ഷം 25,000 കണക്ഷനുകള്‍ ജില്ലയില്‍ നഷ്ടപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പത്ര സമ്മേളനത്തില്‍ ഡിജിഎമ്മുമാരായ എ.എസ്.ദേവസ്യ, എ.എ.രാജു, രാജു ജോസഫ്, ശിവശങ്കരന്‍ നായര്‍, എ.കെ.മാത്യു എന്നിവരും പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.