മെട്രോ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും

Wednesday 2 August 2017 10:57 pm IST

കൊച്ചി: മെട്രോ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം ഈ മാസം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങും. മെട്രോ ട്രെയിനിലെയും സ്‌റ്റേഷനുകളിലെയും കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് പ്രത്യേക പോലീസ് സ്‌റ്റേഷന്‍. കളമശ്ശേരി കൊച്ചിന്‍ യൂണിവേഴ്‌സിറ്റി മെട്രോ സ്‌റ്റേഷനോട് ചേര്‍ന്ന് 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം നവീകരിച്ചാണ് സ്‌റ്റേഷന്‍ ഒരുക്കിയിട്ടുള്ളത്. സ്‌റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കി. മെട്രോ പോലീസ് സ്‌റ്റേഷനില്‍ സിഐ, എസ്.ഐ എന്നിവരുള്‍പ്പെടെ 29 തസ്തികകളാണുള്ളത്. ഇതില്‍ 13 പേര്‍ വനിതാ പോലീസുകാരായിരിക്കും. സിഐ റാങ്കിലുള്ള ഒരാള്‍ വനിതയായിരിക്കും. മെട്രോ യാത്രക്കാരായ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാണ് വനിതാ ഓഫീസര്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള സ്റ്റേഷനുകളിലെയും ട്രെയിനിലെയും കുറ്റകൃത്യങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നത് ഈ പോലീസ് സ്‌റ്റേഷനിലായിരിക്കും. സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ നിന്ന് 128 പേരുടെ സഹായവും മെട്രോ പോലീസ് സ്‌റ്റേഷനുണ്ട്. മെട്രോ സ്‌റ്റേഷനകത്തും ട്രെയിനിലുമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയായിരിക്കും ഉണ്ടാവുക. മെട്രോ ജീവനക്കാരുടെ ജോലി തടസ്സപ്പെടത്തുകയോ ട്രെയിന്‍ സര്‍വീസിന് തടസ്സമുണ്ടാക്കുകയോ ചെയ്താല്‍ നാലുവര്‍ഷംവരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. മെട്രോ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ദൃക്‌സാക്ഷിയുടെ ആവശ്യമില്ല.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.