വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

Wednesday 2 August 2017 11:02 pm IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 82.5 കോടിയോളം രൂപ വിലവരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. മലേഷ്യയിലേക്ക് കടത്താന്‍ കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിച്ചതാണ് മയക്കുമരുന്ന്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി 11.30ഓടെ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെത്തി മയക്കുമരുന്ന് ഡിആര്‍ഐ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഏഷ്യ വിമാനത്തിലാണ് മയക്കുമരുന്ന് കടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ബിഗ് ഷോപ്പര്‍ കയറ്റി അയക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കടത്ത്. ബിഗ് ഷോപ്പര്‍ കയ്യില്‍ പിടിക്കുന്നതിനായി ഉപയോഗിക്കുന്ന ചെറിയ ഫൈബര്‍ പൈപ്പിനകത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. പൈപ്പിന്റെ ഒരുവശവും അടക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. പഞ്ചസാര രൂപത്തിലുള്ള മിശ്രിതമാണിത്. നൂറ് വീതം ബിഗ് ഷോപ്പറുകളുള്ള ആറ് വലിയ പെട്ടിയാണ് ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു സ്വകാര്യ സ്ഥാപനമാണ് കാര്‍ഗോയില്‍ പാര്‍സല്‍ ബുക്ക് ചെയ്തിരുന്നത്. മലേഷ്യയിലെ കോലാലംപൂര്‍ വിമാനത്താവളത്തിലേക്കായിരുന്നു ബുക്കിംഗ്. ബുക്കിംഗ് ചെയ്തിട്ടുള്ള വിലാസം ശരിയാണോയെന്നും ഡിആര്‍ഐ അധികൃതര്‍ പരിശോധിന്നുണ്ട്. ചെന്നൈയിലെ വിലാസപ്രകാരം പ്രതികള്‍ക്കായി ഡിആര്‍ഐ സംഘം ഇന്നലെ തന്നെ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇതിന് മുമ്പ് രണ്ട് തവണയാണ് എഫഡ്രില്‍ പിടികൂടിയത്. 2015ല്‍ 20 കിലോയും 2014ല്‍ 14 കിലോയും പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഒരു കിലോ എഫഡ്രിലിന് ഒന്നര കോടി രൂപയുണ്ടെന്ന് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു കിലോക്ക് മൂന്ന് ലക്ഷം രൂപയാണ് വില. ആസ്മ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നില്‍ എഫഡ്രില്‍ന്റെ അംശം ചേര്‍ക്കാറുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.