നാടുകാണി-പരപ്പനങ്ങാടി റോഡിന് ടൗണുകളില്‍ വീതിയില്ല

Thursday 3 August 2017 10:48 am IST

നിലമ്പൂര്‍: 360 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന നാടുകാണി-പരപ്പനങ്ങാടി റോഡിന് ടൗണുകളിലെത്തുമ്പോള്‍ വീതിയില്ലാതാകുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. മലയോരമേഖലകയുടെ വികസനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിയാണിത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ ടൗണുകളില്‍ എസ്റ്റിമേറ്റില്‍ പറയുന്ന പ്രകാരമുള്ള 12 മീറ്റര്‍ വീതിയില്ല. കെട്ടിട ഉടമകളുടെയും ഭരണകക്ഷിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതുമരാമത്ത് വകുപ്പ് കരാറുകാരനുമായി ചേര്‍ന്ന് തന്നിഷ്ടപ്രകാരമാണ് റോഡ് നിര്‍മ്മിക്കുന്നത്. ഇന്നലെ എടക്കര ടൗണില്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുമ്പോള്‍ പലസ്ഥലത്തും പത്ത് മീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. നിര്‍മാണചെലവ് കുറയുന്നതോടൊപ്പം കെട്ടിട ഉടമകളില്‍ നിന്നും ലഭിക്കുന്ന പാരിതോഷികവും കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും എസ്റ്റിമേറ്റിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകുകയാണ്. കഴിഞ്ഞ ദിവസം എംഎല്‍എയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ നടന്ന മലയോര റോഡുമായി ബന്ധപ്പെട്ട യോഗത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് സി.കരുണാകരന്‍പിള്ള രൂക്ഷമായ വിമര്‍ശനമായിരുന്നു നടത്തിയതെങ്കിലും തങ്ങളുടെ ഇഷ്ടം പോലെയേ നിര്‍മ്മാണം നടക്കൂവെന്ന ദാര്‍ഷ്ഠ്യമാണ് പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ കാണിച്ചത്. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള 12 മീറ്റര്‍ വീതി റോഡിന്റെ തുടക്കം മുതല്‍ അവസാനം വരെ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാടുകാണി-പരപ്പനങ്ങാടി റോഡ് കരാറുകാരനും പൊതുമരാമത്ത് ജീവനക്കാര്‍ക്കും ഉപകാരപ്പെടുമെന്നതല്ലാതെ പ്രതീക്ഷിക്കുന്ന ഒരു നേട്ടവും ഉണ്ടാകില്ല. എസ്റ്റിമേറ്റില്‍ പറയും പ്രകാരമുള്ള പ്രവൃത്തി നടത്തിയാല്‍ വഴിക്കടവ്, എടക്കര, ചുങ്കത്തറ, നിലമ്പൂര്‍ തുടങ്ങിയ ടൗണുകളിലൊക്കെ ഭൂമി കൈയ്യേറിയ പല കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. ഇതിനാല്‍ ശക്തമായ സമ്മര്‍ദ്ദവുമായി കെട്ടിട ഉടമകള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളാണ് നാടുകാണി-പരപ്പനങ്ങാടി പാത അട്ടിമറിക്കാന്‍ ഇടയാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.