സിപിഎം അക്രമം തുടര്‍ക്കഥ: പ്രതികളെ പിടികൂടാതെ വളപട്ടണം പോലീസ്

Thursday 3 August 2017 5:16 pm IST

കണ്ണൂര്‍: പ്രദേശത്ത് സിപിഎം നേതൃത്വം ആസൂത്രിതമായി അക്രമം തുടരുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാതെ വളപട്ടണം പോലീസ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വളപട്ടണത്തും പരിസര പ്രദേശങ്ങളിലും നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുകയും വാഹനങ്ങളും വീടുകളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് നടന്ന സ്‌കൂള്‍ അടിച്ച തകര്‍ത്ത കേസില്‍ ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്നും ഉടന്‍ അറസ്റ്റ് നടക്കുമെന്നും പോലീസ് പറയാറുണ്ടെങ്കിലും ഇപ്പോള്‍ അന്വേഷണം തന്നെ നിലച്ച നിലയിലാണ്. വളപട്ടണത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിനോയ് ബെന്നറ്റിന്റെ ഇരുകാലുകളും അടിച്ച് തകര്‍ത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇരു കാലുകളും തകര്‍ന്ന ബിനോയ് ഇപ്പോഴും ചികിത്സയിലാണ്. ബിജെപി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റിയംഗം വി.വി.അശോകന്റെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഈ കേസിലും ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. ബിജെപി അഴീക്കോട് നിയോജകമണ്ഡലം സെക്രട്ടറി ബിജുവിന്റെ വീടിന് കഴിഞ്ഞ ദിവസം ബോംബെറിയുകയും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അടിച്ച് തകര്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും ബിജുവിന്റെ വീടിന് നേരെ അക്രമം നടന്നിരുന്നു. ഒരു ഭാഗത്ത് സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ നിരന്തരമായി അക്രമം നടത്തുകയും മറുഭാഗത്ത് പോലീസ് നിഷ്‌ക്രിയമായി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് വളപട്ടണത്ത് കാണാന്‍ സാധിക്കുക. ശക്തമായ പ്രഹര ശേഷിയുള്ള ബോംബുകളാണ് സിപിഎം സംഘം പ്രയോഗിക്കുന്നത്. പ്രദേശത്ത് സിപിഎമ്മുകാര്‍ ആയുധ ശേഖരണം നടത്തുകയും അഴിഞ്ഞാടുകയും ചെയ്യുമ്പോള്‍ അതെല്ലാം കണ്ടില്ലെന്ന് നടക്കുകയാണ് പോലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.