കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പാര്‍ക്കിംഗ് കേന്ദ്രമാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകം

Thursday 3 August 2017 10:16 pm IST

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പാര്‍ക്കിംഗ് കേന്ദ്രമാക്കി മാറ്റാനുള്ള അധികൃതരുടെ ഗൂഢശ്രമത്തില്‍ പ്രതിഷേധം വ്യാപകം. ഇതിന്റെ മുന്നോടിയായി ബസ്സ്റ്റാന്റിനെ തന്നെ ഇല്ലാതാക്കാനുള്ള നടപടികളാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കണ്ണൂര്‍ നഗരത്തില്‍ സൗകര്യപ്രദമായി ബസ്സില്‍ കയറാന്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ്സ്റ്റാന്റില്‍ നിന്നാണ് ആശുപത്രി ബസ്സുകള്‍ ഒഴികെ എല്ലാ ബസ്സുകളും പുറപ്പെടുന്നത്. താവക്കര ബസ്സ്റ്റാന്റ് വന്നതിന് ശേഷം പഴയ ബസ്സ്റ്റാന്റിനെ ഇല്ലായ്മചെയ്യാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഴയ ബസ്റ്റാന്റ് നിലിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. വടക്കുനിന്നു വരുന്ന ബസ്സുകള്‍ മുഴുവന്‍ ബിഒടി സ്റ്റാന്റില്‍ യാത്രക്കാരെയിറക്കി പഴയബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്നും സമയത്തിന് ട്രിപ്പ് ആരംഭിക്കണമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ പലതും ഇത് ലംഘിക്കുകയാണ്. ബിഒടി സ്റ്റാന്റില്‍ നിന്നും യാത്രക്കാരെയെടുത്ത് പഴയ ബസ്റ്റാന്റില്‍കയറിയാണ് പോകുന്നത്. ഇവിടെ ട്രാക്കില്‍ നിര്‍ത്തി ആളെയെടുക്കാന്‍ സൗകര്യമുണ്ടെങ്കിലും പലരും അത് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ വെയിലും മഴയും കൊണ്ടാണ് യാത്രക്കാര്‍ ബസ്സില്‍കയറാന്‍ നില്‍ക്കുന്നത്. പലകോര്‍പ്പറേഷനുകളിലും ഒന്നിലേറെ ബസ്സ്റ്റാന്റുകള്‍ നിലവിലിരിക്കെ എല്ലാ ബസ് സ്റ്റാന്റുകളിലും ബസ് കയറുന്നുണ്ട്. എന്നാല്‍ കണ്ണൂരില്‍ ബസ്സ് എവിടെ ഉണ്ടാകുമെന്ന് മറുപടിനല്‍കാന്‍ പോലും അധികൃതര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. കോഴിക്കോട്-മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഹെഡ് പോസ്റ്റോഫീസ് വഴിയാണ് പോകുന്നത്. ചില ബസ്സുകള്‍ ഈ ഭാഗത്തേക്ക് വരാന്‍ പോലും തയ്യാറല്ല. ഇതിനെതിരെ യാത്രക്കാരും മറ്റും നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഴയ ബസ്സ്റ്റാന്റില്‍ ഒരു ബസ് ഷെല്‍ട്ടര്‍ പണിയാന്‍ വ്യാപാരി വ്യവസായി സമിതി അനുവാദം ചോദിച്ചിരുന്നുവെങ്കിലും നല്‍കിയില്ല. നഗരത്തില്‍ പാര്‍ക്കിംഗ് പ്രശ്‌നം അതിരൂക്ഷമാണ്. ഇത് കോര്‍പ്പറേഷനെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കുന്നുണ്ട്. ഇതില്‍ നിന്നും രക്ഷനേടാനാണ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പഴയ ബസ്സ്റ്റാന്റിനെ പാര്‍ക്കിംഗ് ഏരിയയായി മാറ്റാന്‍ ശ്രമിക്കുന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് വന്‍ പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതിനായുള്ളസ്ഥലം നഗരഹൃദയങ്ങളില്‍ ഇല്ലാത്തതും അധികൃതരെ വലക്കുന്നുണ്ട്. പഴയ ബസ്റ്റാന്റ് അതേ രീതിയില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഴയബസ്സ്റ്റാന്റ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിപുലമായ കമ്മറ്റിയും രൂപീകരിച്ചുകഴിഞ്ഞു. യോഗത്തില്‍ ഋഷീന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.