ഭക്ത്യാദരങ്ങളോെട

Thursday 3 August 2017 8:23 pm IST

അപ്പോഴും നേരം പുലരുന്നില്ല. മൂന്നാം യാമത്തിന്റെ മഴയും തണുപ്പും വീണുകിടന്ന ചുറ്റുപാടില്‍ രാക്ഷസികള്‍ തലങ്ങും വിലങ്ങും കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്നു. ഉറങ്ങാതെയുള്ളത് അവര്‍ രണ്ടുപേര്‍ മാത്രം- ദേവിയും ഹനുമാനും. നേരം പുലരും മുമ്പേ ഇവിടം വിടണമെന്നു കണക്കുകൂട്ടിയിരിക്കയാണ് വായുപുത്രന്‍. പക്ഷേ, ദേവിയുടെ സന്നിധയില്‍നിന്ന് വിട്ടുപോരാന്‍ മനസ്സ് സമ്മതിക്കുന്നില്ല. ഒരിക്കലും സാധിക്കില്ല എന്നു നിനച്ചിരുന്നതാണ് ദേവിയെ കണ്ടെത്തുക എന്നത്. മുപ്പത് ദിവസത്തിനകം ദേവിയെ കണ്ടെത്തിയിരിക്കണം എന്ന സുഗ്രീവാജ്ഞ ശിരസാ വഹിച്ച് യാത്ര പുറപ്പെടുമ്പോഴും താന്‍ നിനച്ചിരുന്നതല്ലേ, ഒരിക്കലും ഇതു നിറവേറ്റാനാവില്ലെന്ന്. താന്‍ ഇതു നിറവേറ്റുമെന്ന് പറഞ്ഞത് അമ്മ മാത്രമാണ്. അമ്മയുടെ ആ വാക്ക് നിറവേറിയിരിക്കുന്നു. 'എനിക്കൊന്നു തോന്നുന്നു'- ദേവിയുടെ ശബ്ദം ഹനുമാനെ ചിന്തയില്‍നിന്നുണര്‍ത്തി. 'എന്താണു ദേവീ?' 'ഏതെങ്കിലും മറവുള്ള സ്ഥലത്തിരുന്ന് ഇന്ന് വിശ്രമിക്കൂ. ക്ഷീണം മാറ്റി, നാളെ മടങ്ങാം.' 'എനിക്ക് ക്ഷീണമൊന്നുമില്ല, അമ്മദേവീ, പോരാത്തതിന്, കഴിയും വേഗം അവിടെ തിരിച്ചെത്തണമെന്നു മനസ്സ് വ്യഗ്രതപ്പെടുന്നു. അമ്മദേവി കുടിയിരിക്കുന്ന സ്ഥാനമറിയാതെ അഴലിലാണ്ടിരിക്കയാണ് സ്വാമി. ഒരു നിമിഷം മുമ്പെങ്കില്‍ ഒരുനിമിഷം മുമ്പ് അവിടുത്തെ മുന്നിലെത്തി, ഈ വിവരമറിയിക്കാന്‍ ഈയുള്ളവന്‍ തത്രപ്പെടുകയാണ്.' 'ഞാനൊന്നു ചോദിക്കട്ടെ. കരകാണാത്ത ഈ സമുദ്രത്തെ മറികടക്കാന്‍ എന്റെ കണ്ണില്‍ മൂന്നുപേരെയുള്ളൂ. ഒന്ന് നീ. അതു നീ തെളിയിച്ചുകഴിഞ്ഞു. ഇനിയുള്ളത് ഒന്ന് ഗരുഡന്‍; മറ്റൊന്ന് വായുഭഗവാന്‍. ഈ സാഹചര്യത്തില്‍, നീ എന്തൊരു സമാധാനമാണ് കാണുന്നത്?' 'അതോര്‍ത്ത് അമ്മദേവിക്ക് ഒരു ഉല്‍ക്കണ്ഠയും വേണ്ടാ. കിഷ്‌കിന്ധയില്‍, രാജാ സുഗ്രീവന്റെ സേനയില്‍പ്പെട്ട വാനരന്മാരെല്ലാം ബലത്തില്‍ എന്നേക്കാള്‍ മുന്തിയവരോ എനിക്കൊപ്പമുള്ളവരോ ആണ്. എന്നേക്കാള്‍ മോശക്കാരായി ആരും കാണില്ല. ഞാന്‍ ഇവിടെ എത്തിയ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ? ലോകവീരന്മാരായ രാമലക്ഷ്മണന്മാരെ ഞങ്ങള്‍ ചുമലിലേറ്റി കൊണ്ടുവരും; വാനരസേനയുടെ മുന്നില്‍ നിര്‍ത്തും.' 'ഒന്നേ എനിക്കു പറയാനുള്ളൂ. ശത്രുക്കളെ നശിപ്പിക്കാന്‍ മതിയായ ബലം എന്റെ പതിദേവനുണ്ട്. അവിടുന്ന് വാനരമഹാസൈന്യത്തോടെ ഇവിടെ വന്ന് ലങ്കേശനെ നേരിടണം; ജയം നേടി എന്നെ വീണ്ടെടുക്കണം. ആ വിധത്തിലല്ലാതെ, മറ്റേതെങ്കിലും വിധത്തില്‍ എന്റെ ദുഃഖത്തെ ശമിപ്പിച്ചതുകൊണ്ടു മാത്രം ഞാന്‍ തൃപ്തിയടയില്ല. മഹാപ്രഭുവായ അവിടുത്തെ പരാക്രമത്തിനും യുദ്ധസാമര്‍ത്ഥ്യത്തിനും സമുചിതമായ മാര്‍ഗം കണ്ടെത്താന്‍ നിനക്കു കഴിയും. അത്തരമൊരു വിജയമാണ് അവിടുന്ന് അര്‍ഹിക്കുന്നതെന്നും നീയറിയണം- ബലൈ സമഗ്രൈര്യുദ്ധി രാവണം ജിത്യസംയുഗേ വിജയീ സ്വപുരം യായാത് തത്തസ്യസദൃശം ഭവേത് ദേവിയുടെ വാക്കുകള്‍ വായുപുത്രനില്‍ ആത്മവിശ്വാസമുണര്‍ത്തി. കിഴക്കോട്ടു തിരിഞ്ഞുനിന്നു ധ്യാനം കൊണ്ടു. ധ്യാനത്തില്‍നിന്നുണര്‍ന്ന് ദേവിയെ സാഷ്ടാംഗം നമസ്‌കരിച്ചു. ദേവി അനുഗ്രഹിച്ചു: മംഗളം നേരുന്നു... വായുപുത്രന്‍ എണീറ്റ് ഒരിക്കല്‍ക്കൂടി ദേവിയെ താണു തൊഴുതു; ഒറ്റക്കുതിപ്പിന് പൊന്നിരുള്‍ മരത്തിന്റെ ശിഖരത്തിലെത്തി. കൊമ്പുകള്‍ കുലുക്കിയ നേരം, വസന്തം വിരിയിച്ച പൂക്കള്‍ ഉതിര്‍ന്നുകൊണ്ടിരുന്നു. ദേവി പൂമഴയില്‍ കുളിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.