മദ്യവര്‍ജ്ജനം; വിമുക്തി പദ്ധതി താളംതെറ്റി

Thursday 3 August 2017 8:54 pm IST

കൊല്ലം: മദ്യവര്‍ജ്ജനത്തിന് പ്രേരിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാനും എക്‌സൈസ് വകുപ്പ് തുടങ്ങിയ വിമുക്തി പദ്ധതിയുടെ ആദ്യ ഘട്ടം താളം തെറ്റുന്നു. മാര്‍ച്ച് എട്ട് വനിതാ ദിനത്തിലായിരുന്നു ഉദ്ഘാടനം. അഞ്ച് മാസമായിട്ടും ഉദ്ഘാടനമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍, കോളേജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന -മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടുകൂടി വ്യാപക ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കളക്ടര്‍ കണ്‍വീനറും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തു തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വാര്‍ഡ് തല കര്‍മ്മ സമിതികള്‍ രൂപീകരിക്കണമെന്നാണ് ചട്ടം. എന്നാല്‍, നാമമാത്രമായ വാര്‍ഡുകളില്‍ മാത്രമാണ് സമിതി രൂപീകരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ അംഗബലക്കുറവും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ജോലിഭാരത്താല്‍ പദ്ധതി ഏറ്റെടുത്ത് നടത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്, നഗരസഭ ഉദ്യോഗസ്ഥര്‍. എല്ലാ വീടുകളിലും പതിക്കാനായി തയാറാക്കിയ സ്റ്റിക്കര്‍ പഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു. ഉദ്ഘാടന പരിപാടികളുടെ ഭാഗമായി എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒന്നോ, രണ്ടോ വാര്‍ഡുകളില്‍ മാത്രമാണ് സ്റ്റിക്കര്‍ വിതരണം നടത്തിയത്. പദ്ധതിയുടെ പ്രവര്‍ത്തനത്തിന് നഗരസഭയ്ക്ക് 50,000, പഞ്ചായത്തിന് 20,000, കോളേജിന് 5,000, സ്‌കൂളിന് 3,000 രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഒരു സ്ഥലത്തും തുക വിനിയോഗിച്ചിട്ടില്ല. ബിവറേജ്‌സ് ഷോപ്പുകളില്‍ നിന്നാണ് പദ്ധതിക്കായുള്ള തുക സര്‍ക്കാര്‍ കണ്ടെത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.