കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കാനിങ് യന്ത്രങ്ങള്‍ നിലച്ചു; രോഗികള്‍ ദുരിതത്തില്‍

Thursday 3 August 2017 9:24 pm IST

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ സിടി സ്‌കാനിങ് യന്ത്രങ്ങള്‍ കേടായതുമൂലം ഓപ്പറേഷന്‍ നടത്താനാകാതെ ഡോക്ടര്‍മാരും ചികിത്സയിലുള്ള രോഗികളും ദുരിത്തില്‍. കഴിഞ്ഞ ഒരു മാസമായി ഇവിടുത്തെ സ്‌കാനിങ് യന്ത്രം പ്രവര്‍ത്തനരഹിതമായിട്ട്. കാന്‍സര്‍ വാര്‍ഡിനുസമീപമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെക്കാള്‍ വളരെക്കുറഞ്ഞ നിരക്കിലും സൗജന്യമായും ഇവിടെനിന്നും സ്‌കാന്‍ ചെയ്യാനുള്ള സൗകര്യം പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമായിരുന്നു. യന്ത്രം കേടായതോടെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ആശുപത്രി പിരസത്തുതന്നെ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനമായ ഡിസിഎച്ച് സ്‌കാനിങ് സെന്ററിലെ യന്ത്രവും കേടായി കിടക്കുകയാണ്. മറ്റ് സ്വകാര്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെയും നിരക്കു കുറവായിരുന്നു. സ്‌കാനിങ് യന്ത്രം കേടായത് ന്യൂറോസര്‍ജറി വിഭാഗത്തിലെ രോഗികളെയാണ് ഏറ്റവും അധികം ബാധിച്ചത്. ദിവസേന പത്തിനു മുകളില്‍ ഓപ്പറേഷനുകളാണ് ഇവിടെ നടക്കുന്നത്. സാധാരണ രണ്ടും മൂന്നും മാസങ്ങള്‍ വരെ രോഗികള്‍ക്ക് ഓപ്പറേഷനുവേണ്ടി കാത്തിരിക്കേണ്ടിവരികയും ചെയ്യാറുണ്ട്. തലച്ചോറിലും മറ്റും രോഗംബാധിച്ച് നിരവധി പാവപ്പെട്ട രോഗികളാണ് ഇവിടെ ചികിത്സയിലുള്ളത്. സ്വകാര്യ സ്‌കാനിങ് സ്ഥാപനങ്ങളില്‍ സ്‌കാന്‍ ചെയ്യണമെങ്കില്‍ വന്‍തുക നല്‍കേണ്ടതായി വരും. രോഗികളുടെ ദുരിതാവസ്ഥയില്‍ ഡോക്ടര്‍മാര്‍ നിസ്സഹയാകരായി തീരുകയാണ്. സ്‌കാന്‍ ചെയ്ത് രോഗത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കാതെ ചികിത്സ നിശ്ചയിക്കുവാനോ അവശ്യമെങ്കില്‍ ഓപ്പറേഷന്‍ ചെയ്യുവാനോ കഴിയാതെ വരുന്നു. സ്‌കാനിങ് യന്ത്രത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനസജ്ജമാക്കുകയോ പുതിയ ഒന്നിലധികം സ്‌കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യേണ്ടത് അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്നു. സര്‍ക്കാര്‍ ഇതിനുവേണ്ട ഫണ്ട് അനുവദിച്ച് നടപടി സ്വീകരിച്ചില്ലെങ്കില്‍ രോഗികളുടെ ജീവന് ഭീഷണിയാകും. ഒപ്പം സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നടപടിയുമാകും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.