എടത്വ: പ്രകൃതി ചികിത്സ നാട്ടറിവുകള്‍ കുട്ടികളുമായി പങ്കിട്ട് ഗാന്ധിയന്‍. സിദ്ധയോഗിയും ആശ്രമ ജീവിയും തികഞ്ഞ ഒരു ഗാന്ധിയനും അധ്യാപകനുമായ ജ്യോതിയില്‍ രാമകൃഷ്ണപിള്ളയാണ് പ്രകൃതി ചികിത്സ നാട്ടറിവുകള്‍ എടത്വ സെന്റ് മേരീസ് എല്‍പിഎസ്സിലെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.
ഒപ്പം യോഗാക്ലാസും നടത്തി. കര്ക്കടകമാസത്തോടനുബന്ധിച്ച് ആരോഗ്യ പരിപാലനം ഭാവിതലമുറയ്ക്ക് എന്ന മുദ്രാവാക്യവുമായി ആധുനിക ഭക്ഷണരീതികള്‍ ഉപേക്ഷിച്ച് നാടന്‍ ഭക്ഷണ രീതികളിലേക്ക് തിരിയുവാന്‍ കുരുന്നു കരങ്ങള്‍ സജ്ജമാകട്ടെ എന്ന ആഹ്വാനത്തോടെ കുട്ടികള്‍ക്കായി ഇലയട വിതരണവും നടത്തി.
തൊണ്ണൂറ്റിനാല് വയസ്സിലും പ്രകൃതി ജീവിതം ജീവിതചര്യയാക്കി മാറ്റിയതാണ് തന്റെ ആരോഗ്യരഹസ്യമെന്നും സഹനശക്തി, അഹിംസ, മത്സ്യമാംസാദികള്‍ വെടിഞ്ഞുള്ള സസ്യാഹാരം മാത്രം ഭക്ഷിച്ചുകൊണ്ടുള്ള ജീവിത മാതൃകയാണ് തന്റേതെന്നും കുരുന്നുകള്‍ ഇത് മാതൃകയാക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. വരും ദിനങ്ങളില്‍ ഔഷധക്കഞ്ഞി വിതരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാനാധ്യാപിക ബീനാ തോമസ് കളങ്ങര, പിറ്റിഎ പ്രസിഡന്റ് ജയന് ജോസഫ്, അധ്യാപകരായ ജിസ് റോസ്, കെ.ജെ. അമ്പിളി, നിഷ, ആന്‍സി, അനു റോബിന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: