സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജജാരിയയ്ക്കും ഖേല്‍ രത്‌ന

Thursday 3 August 2017 9:51 pm IST

    ദേവേന്ദ്ര ജജാരി,                                                           സര്‍ദാര്‍ സിങ്‌

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാലിമ്പിക്‌സ് താരം ദേവേന്ദ്ര ജജാരിയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന പുരസ്‌കാരം. ജസ്റ്റിസ് താക്കൂര്‍ തലവനായ സമിതിയാണ് അവാര്‍ഡിനായി ഇവരെ ശുപാര്‍ശചെയ്തത്. രണ്ടുപേരെയും സംയുക്തമായാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്.

ഖേല്‍ രത്‌ന പുരസ്‌കാരം നേടുന്ന ആദ്യത്തെ പാരാലിമ്പികസ് താരമാണ് ജജാരിയ. ജാവലില്‍ ത്രോയറായ ജജാരിയ പാരാലിമ്പിക്‌സില്‍ രണ്ട് തവണ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്.
2004 ലെ ഏതന്‍സ് ഗെയിംസിലും കഴിഞ്ഞ വര്‍ഷത്തെ റിയോ പാരാലിമ്പിക്‌സിലുമാണ് ജജാരിയ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.2013 ലെ ലോക ചാമ്പ്യന്‍ഷിപ്പിലും ജജാരിയ സ്വര്‍ണം നേടി.
ലോകത്തെ ഏറ്റവും മികച്ച മധ്യനിരക്കാരിലൊരാളാണ് മുപ്പത്തിയൊന്നുകാരനായ സര്‍ദാര്‍ സിങ്ങ്. ഇന്ത്യന്‍ ഹോക്കി ടീമിന്റെ നായകസ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്.

2008 ല്‍ സുല്‍ത്താന്‍ അസ്ലം ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിലാണ് സര്‍ദാര്‍ സിങ്ങ് ആദ്യമായി ഇന്ത്യയുടെ നായകനായത്.2014 ല്‍ ഇഞ്ചിയോണില്‍ അരങ്ങേറിയ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡലും 2010 ലെ ഗുവാങ്ങ്‌സൂ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും കരസ്ഥമാക്കി.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു തവണ വെളളിമെഡല്‍ നേടി.2010, 2011 വര്‍ഷങ്ങളില്‍ ഇന്റര്‍ നാഷണല്‍ ഹോക്കി ഫെഡറേഷന്റെ ഓള്‍ സ്റ്റാര്‍ ടീമില്‍ അംഗമായിരുന്നു.2015 ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.
സര്‍ദാറിനും ജജാരിയ്ക്കും ഖേല്‍ രത്‌ന അവാര്‍ഡ് നല്‍കണമോ അതോ ഒരാള്‍ക്ക് മാത്രം അവാര്‍ഡ് നല്‍കിയാല്‍ മതിയോയെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.