മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ : ജനങ്ങള്‍ ജാഗ്രത പാലിക്കണം

Thursday 3 August 2017 9:49 pm IST

പാലക്കാട് : കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ: കെ.പി.റീത്ത അറിയിച്ചു. വയറിളക്കം സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മലവിസര്‍ജനം ഉണ്ടാവുന്നതാണ് വയറിളക്കം. കുടിവെള്ളത്തിലൂടെയും ആഹാരത്തിലൂടെയും ജൈവാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് വഴി ദഹനേന്ദ്രിയ വ്യൂഹത്തെ ബാധിക്കുന്ന സാധാരണ രോഗമാണ് വയറിളക്കം. എന്നാല്‍ വേണ്ടത്ര ശ്രദ്ധയും പരിചരണവും ചികിത്സയും ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. എ,ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്.ബി, സി,ഡി.ജി വിഭാഗങ്ങള്‍ രോഗാണുക്കളുള്ള ഇഞ്ചക്ഷന്‍ സൂചികള്‍, സിറിഞ്ചുകള്‍, രക്തം എന്നിവ വഴിയും ലൈംഗികബന്ധം വഴിയും പകരും. പനി ,തലവേദന, ക്ഷീണം,ഓക്കാനം,ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.രോഗം യഥാസമയം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ എ വിഭാഗം മഞ്ഞപ്പിത്തം മരണകാരണമാവും . ടൈഫോയ്ഡ് സാല്‍മണല്ലെ ടൈഫി വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയ വഴിയുണ്ടാകുന്ന രോഗമാണ് ടൈഫോയ്ഡ്.രോഗികളുടെയോ രോഗവാഹകരുടെയോ മലമൂത്ര വിസര്‍ജ്യങ്ങളില്‍ നിന്ന് രോഗാണുക്കള്‍ ആഹാരസാധനങ്ങളിലൂടെയും കുടിവെള്ളത്തിലൂടെയും ശരീരത്തിലെത്തിയാണ് രോഗമുണ്ടാകുന്നത്. കുറച്ച് ദിവസങ്ങളായി കൂടിവരുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ. സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ചവരെയാവാം. ജലജന്യ രോഗങ്ങള്‍ തടയാം ആഹാര ശുചിത്വം : ആഹാരം എപ്പോഴും അടച്ച് സൂക്ഷിക്കുക, പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക, പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. ശുദ്ധമായ കുടിവെള്ളെം : തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക, വെള്ളം എപ്പോഴും അടച്ച് സൂക്ഷിക്കുക, കിണറിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക, കുടിവെള്ള സ്രോതസുകള്‍ ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക,പൊതുസ്ഥലങ്ങളഇല്‍ നിന്നും ഐസ് ഇട്ട പാനീയങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക,ആഘോഷങ്ങളോടനുബന്ധിച്ച് നല്‍കുന്ന 'വെല്‍ക്കം ഡ്രിങ്കില്‍ ശുദ്ധജലവും ഐസും മാത്രമേ ഉപയോഗിക്കാവൂ. വ്യക്തി ശുചിത്വം : ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും ശൗചത്തിന് ശേഷവും സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കി കഴുകുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.