നാടന്‍ വെണ്ട കൃഷിയുമായി കായികാധ്യാപകന്‍

Thursday 3 August 2017 9:54 pm IST

ആലത്തൂര്‍: നാടന്‍ വെണ്ട കൃഷിയുമായി കായികാധ്യാപകന്‍. കെല്ലങ്കോട് നെന്മേനി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ അധ്യാപകനായ കുനിശ്ശേരി മരുതൂര്‍കളം വീട്ടില്‍ ഗിരീഷ് കുമാറാണ് വെണ്ട കൃഷി നടത്തി ശ്രദ്ധേയനാകുന്നത്. സ്‌കൂളില്‍ കായികാധ്യാപകനാണെങ്കിലും വീട്ടില്‍ ഗിരീഷ് നല്ലൊരു കര്‍ഷകനാണ്. സ്‌കൂളില്‍ നിന്നും ജോലി കഴിഞ്ഞ് ഗീരിഷ് വീട്ടിലേക്ക് വന്നാല്‍ നേരേ കൃഷിയിടത്തേക്കാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം കുറച്ച് വെണ്ടയും മറ്റ് പച്ചക്കറികളും നട്ടിരുന്നു. വീട്ടാവശ്യത്തിമുള്ളതും കുറച്ച് വില്‍ക്കാനും കിട്ടി. അതോടുകൂടി ഇത്തവണ കൃഷി വിപുലീകരിക്കുകയാണുണ്ടായത്. വീട്ടുവളപ്പിലും സ്വന്തമായുള്ള ഒന്നരയേക്കര്‍ നെല്‍കൃഷിയ്ക് സമീപത്തുമായി പതിനഞ്ച് സെന്റ് സ്ഥലത്താണ് ഗിരീഷ് പച്ചക്കറി കൃഷി നടത്തുന്നത്. രോഗ കീട ബാധ ഉണ്ടാകില്ലെന്നതും പ്രാദേശികമായി ആവശ്യക്കാരുണ്ടെന്നതും പരിഗണിച്ച് നാടന്‍ വെണ്ടയാണ് പ്രധാനമായും നട്ടത്. മെയ് മാസം തടമെടുത്ത് തൈ നട്ടു നനച്ചു വളര്‍ത്തി. ഇപ്പോള്‍ വിളവെടുത്ത് തുടങ്ങി. ആദ്യമൊക്കെ രണ്ടോ മൂന്നോ കിലോയേ വെണ്ടയ്ക കിട്ടിയുള്ളൂ. ഇപ്പോള്‍ ഒന്നിടവിട്ട ദിവസം ഏഴ് കിലോ കിട്ടുമെന്നാണ് ഗിരീഷ് പറയുന്നത്. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ കുനിശ്ശേരിയിലെ പച്ചക്കറി കടയില്‍ കൊടുക്കുകയാണ് പതിവ്. തക്കാളി, വഴുതന, മുളക്, ചേന, ചേമ്പ്, കുമ്പളം, മത്തന്‍, പയര്‍, വെള്ളരി, ഇഞ്ചി, മഞ്ഞള്‍ എന്നിവയും ഇതോടൊപ്പം കൃഷി ചെയ്യുന്നുണ്ട്. ഇവയെല്ലാം വിളവെടുക്കാറായി വരുന്നതേയുള്ളൂ. കാലിവളം, മണ്ണിരവളം, കോഴിക്കാഷ്ടം എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. ടെറസില്‍ പോളിത്തീന്‍ കവറിലും പച്ചക്കറി നട്ടിട്ടുണ്ട്. ജോലിക്ക് പോകുന്നതിനു മുമ്പും തിരിച്ചെത്തിയിട്ടും ഉള്ള സമയത്താണ് ഗിരീഷ് കൃഷിപ്പണികള്‍ ചെയ്യുന്നത്. കുടുംബാംഗങ്ങളും പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. വീട്ടിലേക്ക് ആവശ്യമുള്ള വിഷം തീണ്ടാത്ത പച്ചക്കറി സ്വന്തമായി ഉല്‍പാദിപ്പിക്കുകയും അധികം വരുന്ന പച്ചക്കറി നാട്ടുകാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് താന്‍ ചെയ്യുന്നതെന്നും ഗിരീഷ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.