അമിത ഭാരം എടുപ്പിച്ചു; ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു

Thursday 3 August 2017 10:00 pm IST

മൂവാറ്റുപുഴ: ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കേറ്റ ചാലക്കുടി വട്ടപറമ്പില്‍ സഞ്‌ജേഷ് (39)നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്ക് വെടിവച്ച് ആനയെ തളച്ചു. അമിതമായി ജോലി ചെയ്യിപ്പിച്ചതാണ് ആന ഇടയാന്‍ കാരണമെന്നാണ് ആരോപണം. ചാലക്കുടി പോന്നു പ്രദീപിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണികൃഷ്ണന്‍ എന്ന ആനയാണ് ഇന്നലെ രാവിലെ 9.30ഓടെ ഇടഞ്ഞത്. നിര്‍മ്മല കോളേജ് വക സ്ഥലത്ത് കുത്തനെയുള്ള കയറ്റത്തില്‍ നിന്നിരുന്ന തടി പിടിക്കുന്നതിനായി ബുധനാഴ്ചയാണ് ആനയെ കൊണ്ടുവന്നത്. നൂറിലധികം ഇഞ്ച് വണ്ണമുള്ള തടിക്കഷ്ണങ്ങള്‍ വലിക്കാന്‍ ആന മടി കാണിച്ചതോടെ പാപ്പാന്‍ തടിവലിക്കാനുള്ള പൊടിക്കൈകള്‍ പ്രയോഗിച്ചു. ഇതോടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്തിരിക്കുകയായിരുന്ന പാപ്പാനെ കുലുക്കി താഴെയിട്ടശേഷം തുമ്പിക്കൈ ഉപയോഗിച്ച് എടുത്ത് എറിയുകയായിരുന്നു. പരിക്കേറ്റ പാപ്പാന്‍ ഓടിമാറിയതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വാരിയെല്ലിനും തലയ്ക്കും പരിക്കേറ്റ പാപ്പാനെ കൂടെയുള്ളവരെത്തി ആശുപത്രിയിലെത്തിച്ചു. രണ്ടരമണിക്കൂറോളം ഇടഞ്ഞ് നിന്ന ആനയെ തൊടുപുഴ വനംവകുപ്പ് ഉദ്യോഗസ്ഥരും മയക്കുവെടി വിദഗ്ദ്ധന്‍ ഡോ. എബ്രഹാം തരകനും എത്തി മയക്കുവെടിവെച്ചു. തുടര്‍ന്ന് വിദഗ്ദ്ധനായ ആന പാപ്പാന്‍ മാറാടി മനോജ് അയ്യപ്പന്‍ സ്ഥലത്തെത്തി വടംകെട്ടി ആനയെ സമീപത്തെ മരത്തില്‍ തളയ്ക്കുകയായിരുന്നു. നീര്‍ക്കെട്ട് മാറുംമുമ്പേ ജോലി ചെയ്യിപ്പിക്കാന്‍ ആനയെ കൊണ്ടുവന്നതാണെന്ന ആരോപണവും ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.