ബിജു വധം: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Thursday 3 August 2017 10:20 pm IST

പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് കക്കംപാറയിലെ ബിജുവിനെ സിപിഎം വെട്ടിക്കൊന്ന കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. മെയ് 12ന് ഉച്ചകഴിഞ്ഞാണ് പാലക്കോട് പാലത്തിന് സമീപം വെച്ച് കാറിലെത്തിയ സംഘം ബിജുവിനെ വെട്ടിക്കൊന്നത്. 12 പ്രതികളില്‍ 11 പേര്‍ പിടിയിലായിട്ടുണ്ട്. എട്ടുപേര്‍ റിമാന്റിലാണ്. 82 ദിവസംകൊണ്ട് പോലീസ് തയ്യാറാക്കിയ കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിക്കുന്നത്. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നാണ് കുറ്റപത്രം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചത്. കേസിലെ ഒരുപ്രതി വിദേശത്തേക്ക് കടന്നിരിക്കുയാണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ട്. കേസില്‍ നേരിട്ട് ബന്ധമില്ലാത്ത മൂന്നുപേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 1500 ഓളം പേജാണ് കുറ്റപത്രം. നൂറില്‍പരം പേരില്‍ നിന്നുള്ള മൊഴിയും കുറ്റപത്രത്തിലുണ്ട്. അറുപതോളം പേരുകള്‍ സാക്ഷിപ്പട്ടികയിലുമുണ്ട്. റനീഷ്, അനൂപ്, സത്യന്‍, വിജിലേഷ്, പിടികിട്ടാനുള്ള കുട്ടന്‍ എന്നീ അഞ്ചുപേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതില്‍ റനീഷ്, അനൂപ്, സത്യന്‍ എന്നിവര്‍ ബിജുവിനെ വെട്ടിക്കൊന്നതില്‍ പങ്കാളികളാവുകയും മറ്റുരണ്ടുപേര്‍ ഈസമയം വാഹനത്തിലിരിക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിലുളളത്. കൊലപാതകത്തിന് ഉപയോഗിച്ച വടിവാളുകളും പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും മറ്റൊരു ആള്‍ട്ടോ കാറും ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികള്‍, പ്രതികളുടെ കുറ്റസമ്മതമൊഴി, തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞതിന്റെ വിവരങ്ങള്‍ എന്നിവയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ല. സിപിഎമ്മിന്റെയും ആഭ്യന്തരവകുപ്പിന്റെയും ശക്തമായ ഇടപെടല്‍ മൂലമാണ് ഗൂഢാലോചന നടത്തിയവരെ കേസില്‍ നിന്നും ഒഴിവാക്കിയതെന്നും പരാതിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.