കൊടുവള്ളിയില്‍ റെയില്‍വെ മേല്‍പ്പാലത്തിനായി സര്‍വ്വേ തുടങ്ങി

Friday 4 August 2017 10:23 pm IST

തലശ്ശേരി: നാടിന്റെ പതിറ്റാണ്ടുകളായുള്ള മുറവിളികള്‍ക്കൊടുവില്‍ കൊടുവള്ളി റെയില്‍വെ ഗേറ്റിന് മേല്‍പാലം പണിയുന്നു. പ്രാഥമിക നടപടി എന്ന നിലയില്‍ നിര്‍ദ്ദിഷ്ഠ പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ അധികൃതര്‍ കഴിഞ്ഞ ദിവസം കൊടുവള്ളിയിലെത്തി സര്‍വ്വേ നടപടികളും തുടങ്ങി. പിണറായി റോഡിലെ ഇല്ലിക്കുന്ന് വളവില്‍ നിന്നും ആരംഭിച്ച് ദേശിയപാതയില്‍ കൊടുവള്ളിയിലെ വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് ശാഖ കെട്ടിടത്തിനടുത്ത് എത്തിനില്‍ക്കുന്ന രീതിയിലാണ് പാലത്തിന്റെ രൂപരേഖതയ്യാറാക്കിയിട്ടുള്ളത്. ബാങ്ക് ശാഖാ കെട്ടിടത്തിനടുത്ത് സ്ഥലം അളന്ന് തിട്ടപ്പെടുത്തിക്കഴിഞ്ഞു. മേല്‍പാലം വഴിയിലുള്ള ആറോളം വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരും. ഹോട്ടല്‍ കെട്ടിടമടക്കം ഏറ്റെടുക്കേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കും. കണ്ണൂര്‍ തലശ്ശേരി ദേശിയ പാതയിലുള്ളത്രയും സമാനഗതാഗതമുള്ള പിണറായി ഭാഗത്തേക്ക് റോഡ് തുടങ്ങുന്നിടത്താണ് ഇരട്ടപ്പാളവും ഗേറ്റുമുള്ളത്. ഗേറ്റ് അടയുമ്പോള്‍ പിണറായി, മമ്പറം, അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും നിര്‍ത്തിയിടുന്നത് ദേശിയ പാതയോരത്താണ്. ഇതു കാരണം കൊടുവള്ളിയില്‍ ഇടക്കിടെ ഗതാഗതക്കുരുക്കുണ്ടാവുന്നു. ഈ ദുരിതത്തിന് ശാശ്വതപരിഹാരമായാണ് മേല്‍പാലം ഒരുക്കുന്നത്.റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനാണ് നിര്‍മ്മാണച്ചുമതല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.