മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി; കേന്ദ്ര ഫണ്ടിന്റെ കാര്യം വെളിപ്പെടുത്താതെ സര്‍ക്കാര്‍

Friday 4 August 2017 7:08 pm IST

കൊല്ലം: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയിലെ പണം ഉപയോഗിക്കുന്നത് വെളിപ്പെടുത്താതെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ആഗസ്റ്റ് 15ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിക്കായാണ് സ്വച്ഛ് ഭാരത് ഫണ്ടുപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ ആദ്യ ഭാഗങ്ങളിലൊന്നും സ്വച്ഛ് ഭാരത് ഫണ്ടിന്റെ ലഭ്യതയെ കുറിച്ചു സൂചിപ്പിച്ചിട്ടില്ല. ഹരിത കേരളം പദ്ധതിയുടെ ഭാഗം എന്നാണ് ഉത്തരവിലുള്ളത്. അവസാനം ഫണ്ട് വിനിയോഗത്തിന്റെ സ്രോതസ് ഭാഗത്താണ് സ്വച്ഛ് ഭാരത് പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. കോര്‍പ്പറേഷനുകള്‍ക്ക് അഞ്ചുലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് ഒരുലക്ഷം രൂപയും ഗ്രാമപഞ്ചായത്തുകള്‍ക്ക് 25,000 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പദ്ധതിയില്‍ പ്രധാനം ആറുമുതല്‍ 13വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കമാണ്. സ്‌ക്വാഡുകള്‍ വീടുകളിലെത്തി മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം പരിശോധിക്കും. ഓരോ വീട്ടിലും സ്ഥാപനത്തിലും ഉത്പ്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ എങ്ങനെ സംസ്‌ക്കരിക്കുന്നെന്ന് കണ്ടെത്തുകയാണ് സര്‍വെയുടെ ലക്ഷ്യം. അന്‍പത് വീടുകള്‍ക്ക് രണ്ടു പേര്‍ എന്ന കണക്കിലാണ് സ്‌ക്വാഡുകളെ നിയോഗിക്കുന്നത്. കിലയുടെ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരും സന്നദ്ധ, സാമൂഹിക സംഘടനകളിലെ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. ഉറവിട ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളെപ്പറ്റി ബോധവത്ക്കരണവും നടത്തും. ഗൃഹസന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ഓരോ ദിവസവും തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറി ഹരിതകേരളം മിഷനെ ഇ മെയില്‍ മുഖാന്തരം അറിയിക്കണം. 15ന് വൈകിട്ട് നാലുമുതല്‍ ഏഴുവരെ എല്ലാ വാര്‍ഡിലും ശുചിത്വസംഗമം നടത്തി മാലിന്യ സംസ്‌ക്കരണ അവസ്ഥയെ സംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും പ്രതിജ്ഞയെടുക്കുകയും വേണം. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ 15നകം ശുചിത്വ പരിപാലന പദ്ധതി തയ്യാറാക്കണം. കാമ്പയിന്‍ കാലയളവില്‍ നരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. ജില്ലാതല പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ജില്ലാ കളക്ടര്‍ക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.