പെന്‍ഷന്‍ ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ പോര്‍ട്ടലുമായി കേരളവും

Friday 4 August 2017 7:11 pm IST

കൊല്ലം: കേന്ദ്ര പാത പിന്തുടര്‍ന്ന് പെന്‍ഷന്‍കാര്‍ക്ക് ഡിജിറ്റല്‍ പോര്‍ട്ടലുമായി സംസ്ഥാന സര്‍ക്കാര്‍. സംയോജിത സാമ്പത്തിക നടപ്പാക്കല്‍ പദ്ധതിയില്‍ (ഐഎഫ്എംഎസ്) സംസ്ഥാനത്തെ ധനകാര്യവകുപ്പുകളും ഏജന്‍സികളും ധനകാര്യ ഇടപാടുകള്‍ ഡിജിറ്റലാക്കി വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പെന്‍ഷന്‍കാര്‍ക്ക് പുതിയ പോര്‍ട്ടല്‍ ഒരുക്കുന്നത്. www.treasury.kerala.gov.in/pension എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ട്രഷറി ഓഫീസര്‍ പെന്‍ഷന്‍കാരുടെ മൊബൈല്‍ നമ്പര്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ മൊബൈല്‍ നമ്പരും പാസ് വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതിലൂടെ സംസ്ഥാനത്തെ ഏതു ട്രഷറിയിലൂടെയും പെന്‍ഷന്‍കാര്‍ക്ക് ഇടപാടുകള്‍ നടത്താം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ പെന്‍ഷന്‍ രേഖകള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകും. പെന്‍ഷന്‍കാര്‍ക്ക് ട്രഷറികളില്‍ നിന്നും രേഖകള്‍ ലഭിക്കാന്‍ ഇപ്പോള്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബുക്കില്‍ പതിക്കാറില്ല. പകരം പേപ്പറില്‍ എഴുതി നല്‍കുകയാണ് പതിവ്. ഇതിനാല്‍ ആദായനികുതി സത്യവാങ്മൂലം നല്‍കാനും മറ്റും പെന്‍ഷന്‍കാര്‍ക്ക് കാലതാമസം നേരിടുന്നു. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ പെന്‍ഷന്‍ രേഖകള്‍ കൃത്യമായി ലഭിക്കുന്നതിനൊപ്പം ആദായനികുതി ഫോറം 16 ഡൗണ്‍ലോഡ് ചെയ്യുന്നതിനും വിവരങ്ങള്‍ സമര്‍പ്പിക്കാനും സാധിക്കും. ഇതു സംബന്ധിച്ചുള്ള സംസ്ഥാനത്തെ എല്ലാ ട്രഷറി ഓഫീസര്‍ക്കും ഡയറക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.