മെഡിക്കല്‍ കോളേജ് ആശുപത്രി ഫാര്‍മസിയില്‍ ജീവനക്കാരില്ല രോഗികള്‍ക്ക് ദുരിതം

Friday 4 August 2017 8:41 pm IST

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി ഫാര്‍മസിയില്‍ ജീവനക്കാരില്ല. വെയിലും മഴയുമേറ്റ് രോഗികള്‍ ക്യൂനിന്നു വലയുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി ഫാര്‍മസിയിലാണ് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ വലയ്ക്കുന്നത്. ഞായറാഴ്ച ദിവസമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും, 1,500 മുതല്‍ രണ്ടായിരം രോഗികള്‍ വരെയാണ് ഇവിടെ ചികത്സ തേടിയെത്തുന്നത്. എന്നാല്‍ ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തിനാല്‍ ഫാര്‍മസിയില്‍ മരുന്നു വാങ്ങാനെത്തുന്ന രോഗികള്‍ വെയിലും മഴയുമേറ്റ് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ക്യൂനിന്ന് മടുക്കുന്ന രോഗികളും ഫാര്‍മസി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടാകാറുണ്ട്. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് എല്ലാ പ്രധാന ഒ.പികളും പ്രവര്‍ത്തിക്കുന്നത്. ഈ ദിവസങ്ങളില്‍ ഫാര്‍മസിയില്‍ ജനതിരക്ക് കൂടുതലാണ്. രാവിലെ മുതല്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് ഫാര്‍മസി കൗണ്ടറിലെത്തുമ്പോഴാണ് അറിയുന്നത് കുറുപ്പടിയിലുള്ളവ ഇല്ലെന്നും അല്ലെങ്കില്‍ ഏതെങ്കിലും ഒരു മരുന്നു മാത്രമേയുള്ളൂവെന്ന്. ഇതോടെ സഹികെട്ട രോഗികള്‍ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാകുന്നു. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും എത്തുന്ന രോഗികളെ ഇത് വളരെ ബുദ്ധിമുട്ടിലാക്കുകയാണ്. മുപ്പതിലധികം ജീവനക്കാരുടെ സേവനം ലഭിക്കേണ്ട ഫാര്‍മസിയില്‍ ആകെ 14 ജീവനക്കാരാണുള്ളത്. ഇതില്‍ മൂന്നു പേര്‍ അവധിയിലും. രാവിലെ 9 മുതല്‍ 5 മണി വരെയാണ് ഫാര്‍മസിയുടെ പ്രവര്‍ത്തസമയം. എന്നാലിപ്പോള്‍ നിലവിലുള്ള ജീവനക്കാര്‍ രാത്രികാല ഫാര്‍മസിയിലും ജോലി ചെയ്യണ്ട അവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രി പറഞ്ഞത് ജീവനക്കാരുടെ ദൗര്‍ബല്യം പരിഗണിച്ച് ഫാര്‍മസിയില്‍ 10 പേരെ കൂടി ഉടന്‍ നിയമിക്കുമെന്നായിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് പറയപ്പെടുന്നു. ഇനിയെങ്കിലും രോഗികളുടെ ബുദ്ധിമുട്ട് മനസിലാക്കി ആവശ്യത്തിന് ഫാര്‍മസിസ്റ്റുകളെ നിയമിക്കാന്‍ അധികാരികള്‍ തയാറാവണമെന്നാവശ്യം ശക്തമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.